റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ഇഫ്താര്‍ മീറ്റ്
Thursday, June 23, 2016 8:19 AM IST
റിയാദ്: പ്രമുഖ ജീവകാരുണ്യ പ്രവാസി കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ മുന്നൂറിലേറെ പേര്‍ പങ്കെടുത്തു.

അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി ഐ.എം.കെ. അഹമ്മദ് റംസാന്‍ സന്ദേശം നല്‍കി. സഹിഷ്ണുതയുടെ മതമായ ഇസ്ലാം റംസാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി വി. നാരായണന്‍ റിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും സംഘടനാ പ്രതിനിധികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിച്ചു. സെക്രട്ടറി ജോര്‍ജ് ജേക്കബ്, കലാവിഭാഗം കണ്‍വീനര്‍ രാജേഷ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ഇഫ്താര്‍ വിരുന്നിനുശേഷം പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം പ്രസിഡന്റ് അബ്ദുള്ള നിയന്ത്രിച്ചു. ട്രഷറര്‍ ഷെറിന്‍ ജോസഫ് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍, മീഡിയ കണ്‍വീനര്‍ ശിവകുമാര്‍, കലാകായിക വിഭാഗം കണ്‍വീനര്‍ രാജേഷ് ഫ്രാന്‍സിസ് എന്നിവര്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. ഇബ്രാഹിം സുബ്ഹാന്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍