സര്‍ക്കാര്‍ സ്കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തണം: വനിതാവേദി ഫഹാഹീല്‍ യൂണിറ്റ്
Tuesday, June 21, 2016 5:54 AM IST
കുവൈത്ത് സിറ്റി: മലയാളം മീഡിയത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുതന്നെ ഇംഗ്ളീഷ്, ഹിന്ദി ഭാഷാ വിദ്യാഭ്യാസത്തിനുകൂടി പ്രാധാന്യം നല്‍കണമെന്നും സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും 'സ്കൂളുകള്‍ പൂട്ടാനുള്ളതോ' എന്ന വിഷയത്തില്‍ വനിതാവേദി കുവൈറ്റ് ഫഹാഹീല്‍ യൂണിറ്റ് സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

മാറിവരുന്ന ടെക്നോളജിക്കനുസരിച്ച് വിദ്യാഭ്യാസ രീതിയില്‍ മാറ്റംവരുത്തുകയും പ്രായത്തിനനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കുകയും വേണം. ജാതി സംവരണത്തിനും സ്വകാര്യ സ്കൂളുകള്‍ക്കും നിയന്ത്രണം വരുത്തി ജനപ്രതിനിധികളുടെ നല്ല ഇടപെടലുകള്‍ക്കൊപ്പം സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തി അടിസ്ഥാന സൌകര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടു തന്നെ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണം. കുട്ടികളെ പൌരബോധമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഫലപ്രദമായ വിദ്യാഭ്യാസനയങ്ങള്‍ കൊണ്ടു വരുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഫഹാഹീല്‍ യൂണിറ്റിന്റെ പ്രതിമാസ യോഗത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച വനിതാവേദി ഫഹാഹീല്‍ യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ദേവി സുഭാഷ് നയിച്ചു. വനിതാവേദി പ്രസിഡന്റ് ശാന്ത ആര്‍. നായരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം ശുഭാ ഷൈന്‍ അധ്യക്ഷത വഹിച്ചു. ഫഹാഹീല്‍ യൂണിറ്റ് കണ്‍വീനര്‍ അമ്പിളി പ്രമോദ് യോഗത്തിനു നേതൃത്വം നല്‍കി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശ്യാമള നാരായണന്‍, ബിന്ദു സജീവ്, അംഗങ്ങളായ അംബിക പത്മകുമാര്‍, സംഗീത അരുണ്‍, മീരാകൃഷ്ണന്‍, ഷീജ ഗോപിനാഥ്, ചിത്ര ശ്രീനി, വിനുദാസ്, മായ ബിജോ, സംഗീത സുരേഷ്, പ്രസീജ എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് അംഗം സന്ധ്യ ഹരിലാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍