നായ്ക്കളുടെ അക്രമണം: ഹൂസ്റണില്‍ യുവതി കൊല്ലപ്പെട്ടു
Saturday, June 18, 2016 2:04 AM IST
മേനര്‍(ഹൂസ്റണ്‍): ബിസിനസ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഒരു വീട്ടിലെത്തിയ എറിന്‍ മക്ളിസ്ക്കി (36) എന്ന യുവതി നായ്ക്കളുടെ കൂട്ടായ അക്രമണത്തെ തുടര്‍ന്നു മരിച്ചതായി ട്രാവിസ് കൌണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ജൂണ്‍ 16 ബുധനാഴ്ച രാത്രി ഫെയ് സ്ട്രീറ്റില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്നു എത്തിചേര്‍ന്ന പൊലീസിന് ശരീരമാസകലം പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എറിനെയാണ് കാണാന്‍ കഴിഞ്ഞത്. എറിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് സ്ഥിരികരിച്ചു.

വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്നു അകത്തു കടന്നതും എറിന്റെ ശരീരത്തിലേക്ക് നായകള്‍ ചാടിക്കയറുകയായിരുന്നു. ആറു നായകള്‍ ഒന്നിച്ചാണ് ആക്രമിച്ചതെന്നു ആനിമല്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്സ് പറഞ്ഞു.

ഹസ്ക്കി- ഓസ്ടേലിയന്‍ കാറ്റിന്‍ ഡോഗ് സങ്കരവര്‍ഗത്തില്‍പ്പെട്ട നായകളെ കൂടാതെ 14 നായ്ക്കുട്ടികളേയും ആനിമല്‍ പ്രൊട്ടക്ഷന്‍ അധികാരികള്‍ ഈ വീട്ടില്‍ നിന്നും കണ്െടത്തി. കൃത്യമായ കുത്തിവെയ്പ്പുകള്‍ ഓസ്റിന്‍ ആനിമല്‍ സെന്ററില്‍ നടത്തിയ രേഖകള്‍ ഉണ്െടങ്കിലും ശരിയായ രീതിയില്‍ ഇവയെ പരിപാലിച്ചിരുന്നുവോ എന്ന അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

എറിന്റെ ശരീരം ട്രാവിസ് കൌണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസിലേക്ക് മാറ്റി. നായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍