കുവൈത്തില്‍ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാം
Friday, June 17, 2016 6:22 AM IST
കുവൈത്ത്: തടവുപുള്ളികളുടെ മനോനില മെച്ചപ്പെടുത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചുവരാനുതകുന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടുകൂടി കുടുംബവീടെന്ന നവീന ആശയവുമായി കുവൈത്ത് ജയില്‍ വകുപ്പ്. ഇതു സംബന്ധിച്ച പ്രഖ്യാപനം

കഴിഞ്ഞ ദിവസം ജയില്‍ ആന്‍ഡ് കറക്ഷനല്‍ ഇന്‍സ്റിറ്റ്യൂഷന്‍സ് അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ദീന്‍ ആണു വ്യക്തമാക്കിയത്.

സുലൈബിയയിലെ കുവൈത്ത് സെന്‍ട്രല്‍ ജയില്‍ കോമ്പൌണ്ടില്‍തന്നെയാണ് കുടുംബവീട് ഒരുക്കിയിരിക്കുന്നത്. ജയിലിലെ നല്ല പെരുമാറ്റവും അച്ചടക്കവും ചട്ടങ്ങള്‍ പാലിക്കുന്നതിലെ സ്ഥിരതയും മാനദണ്ഡമാക്കിയാണ് കുടുംബവീട്ടില്‍ താമസിക്കാന്‍ അര്‍ഹത നേടുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 72 മണിക്കൂര്‍ ഭാര്യഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബാംഗങ്ങളുമൊത്ത് കഴിയാം. സാധാരണ വീട്ടിലെ എല്ലാ സൌകര്യങ്ങളും വിനോദോപാധികളും ഇവിടെയുണ്ടാവും. സാമൂഹിക പ്രവര്‍ത്തകര്‍, മനോരോഗവിദഗ്ധര്‍, അക്കാഡമിക വിദഗ്ധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണു കുടുംബവീട് പ്രവര്‍ത്തിക്കുക. ഇസ്ലാമിക നിയമം, അന്താരാഷ്ട്ര ചട്ടങ്ങളും ചാര്‍ട്ടറുകളും കണ്‍വന്‍ഷനുകളും എന്നിവയുടെ അടിസ്ഥാനത്തിലാണ് കുടുംബവീട് എന്ന ആശയത്തിനു രൂപംനല്‍കിയിരിക്കുന്നതെന്ന് ഖാലിദ് അല്‍ദീന്‍ പറഞ്ഞു.

ജയിലില്‍നിന്ന് പുറത്തുവരുമ്പോഴേക്കും നല്ല മനുഷ്യരായി സമൂഹത്തെയും നാടിനെയും സേവിക്കാന്‍ മനസുള്ളവരാക്കി തടവുകാരെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ ജയിലുകളില്‍ 130 വനിതകളടക്കം 3,000 തടവുപുള്ളികളാണുള്ളത്. ഇവരില്‍ ആര്‍ക്കുവേണമെങ്കിലും പെരുമാറ്റവും അച്ചടക്കവും മെച്ചപ്പെടുത്തിയാല്‍ പുതിയ സംവിധാനം സൌകര്യം ഉപയോഗപ്പെടുത്താനാവുമെന്ന് അല്‍ദീന്‍ പറഞ്ഞു. തടവുപുള്ളികള്‍ സമൂഹത്തില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെടുത്തപ്പെടേണ്ടവരല്ല എന്ന കാഴ്ചപ്പാടാണ് പുതിയ സംവിധാനത്തിന്റെ ആണിക്കല്ലെന്നു മനോരോഗവിദഗ്ധനും കുടുംബ കൌണ്‍സലറുമായ ഡോ. ഖാലിദ് അല്‍ അത്റാഷ് അഭിപ്രായപ്പെട്ടു. മികച്ച പുനരധിവാസത്തിലൂടെ അവരുടെ ഭാവിജീവിതം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ലഭിക്കുന്ന അവസരം അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തമാസത്തോടെ പുതിയ സംവിധാനം പ്രാബല്യത്തില്‍വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍