തൈക്കുടം ഷോ ഉടനെന്നു ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്
Tuesday, June 14, 2016 8:26 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന തൈക്കുടം ബ്രിഡ്ജ് ഷോ സെപ്റ്റംബറിലോ ഒക്ടോബറിലോ അവതരിപ്പിക്കാനുകുമെന്നു കരുതുന്നതായി ഫ്രീഡിയ അധികൃതര്‍ പറഞ്ഞു.

ഹൈ വോള്‍ട്ടേജ് സംഗീത നൃത്തശില്പമായ തൈക്കുടം ബ്രിഡ്ജ് കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുവാന്‍ സാങ്കേതിക വിദഗ്ധരുടെ നീണ്ടനിര തന്നെ വേണം. സാങ്കേതിക മികവും ശബ്ദമിഴിവുമാണു ഷോയെ ഹൃദയാവര്‍ജ്ജകമാക്കുന്നത്.

മൊത്തം 22 അംഗ ടീമില്‍ ആറുപേരാണ് സാങ്കേതിക സ്റാഫ്. സൌണ്ട് എന്‍ജിനിയര്‍മാര്‍, ബാക്ക് അപ് വോക്കല്‍ തുടങ്ങിയവര്‍. എന്നാല്‍ ഒരു ഷോയ്ക്ക് ഇത്രയും സാങ്കേതിക വിദഗ്ധര്‍ ആവശ്യമില്ലെന്നാണ് കോണ്‍സുലേറ്റ് നിലപാട്. ഷോയുടെ പ്രത്യേകത കോണ്‍സുലേറ്റ് അധികൃതര്‍ കണക്കിലെടുക്കില്ലെന്നര്‍ഥം. ഒരു സൌണ്ട് എന്‍ജിനിയര്‍ക്കും രണ്ട് ബാക് അപ് വോക്കല്‍ സിംഗേഴ്സിനുമാണ് വീസ ലഭിച്ചത്. മെയിന്‍ മിക്സ് സൌണ്ട് ടെക്ക്, സബ് മിക്സ് സൌണ്ട് ടെക്ക്, മോണിട്ടര്‍ മിക്സ് സൌണ്ട് ടെക്ക് എന്നിവരില്‍ ഒരാള്‍ക്കു മാത്രം ആണ് വീസ ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് ഷോ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നു ഫ്രീഡിയ അധികൃതര്‍ പറഞ്ഞു. ഷോയില്‍ വേണ്ട മാറ്റംവരുത്തി കൂടുതല്‍ സാങ്കേതിക വിദഗ്ധരെ ഇവിടെ നിന്നുള്‍പ്പെടുത്തി ഷോ മികവുറ്റതാക്കാമെന്നാണ് അധികൃതരുടെ അവകാശവാദം.

ഇത്തരമൊരു അനുഭവം തങ്ങള്‍ക്ക് ഇതാദ്യമാണെന്നും ഷോയ്ക്ക് പണം നല്‍കിയവര്‍ക്ക് അതു മടക്കി നല്‍കുമെന്നും ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ് പറഞ്ഞു. തങ്ങളോടു സഹകരിക്കുന്ന മലയാളി സമൂഹത്തിനും സ്പോണ്‍സര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സുനില്‍ ട്രൈസ്റാര്‍