അമേരിക്കന്‍ നിശാ ക്ളബ്ബില്‍ കൂട്ടക്കുരുതി: 50 പേര്‍ കൊല്ലപ്പെട്ടു
Monday, June 13, 2016 2:26 AM IST
ഒര്‍ലാന്‍ഡോ(ഫ്ളോറിഡ): അമേരിക്കയില്‍ ഒര്‍ലാന്‍ഡോയിലെ നിശാ ക്ളബ്ബില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റ് 50 പേര്‍ മരിച്ചു. 53 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ക്ളബ്ബിലെത്തിയ ഒമര്‍ മാതീന്‍(29) എന്ന അക്രമി നൃത്തം ചെയ്തുകൊണ്ടിരുന്നവര്‍ക്കുനേരേ കൈവശമുണ്ടായിരുന്ന രണ്ടു യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു തലങ്ങുംവിലങ്ങും വെടിവയ്ക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ തകര്‍ത്ത് അകത്തുകയറിയ പോലീസ് അക്രമിയെ വെടിവച്ചു കൊന്നു.

പള്‍സ് നിശാക്ളബ്ബിലാണു വെടിവയ്പ് ഉണ്ടായത്. ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ ക്ളബ്ബാണിത്. സംഭവത്തെത്തു ടര്‍ന്ന് ഓല്‍ലാ ന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെടിവയ്പ് നടക്കുമ്പോള്‍ നൂറോളം പേര്‍ ക്ളബ്ബിലുണ്ടായിരുന്നു. നാല്‍പതിലേറെ തവണ വെടിശബ്ദം കേട്ടതായി ക്ളബില്‍നിന്നു രക്ഷപ്പെട്ടവരില്‍ ചിലര്‍ ട്വീറ്റ്ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ക്ളബ്ബിലെ ആഘോഷം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം.അഫ്ഗാന്‍ ദമ്പതികളുടെ പുത്രനായ ഒമര്‍ അമേരിക്കയിലാ ണു ജനിച്ചത്. തീവ്രവാദി സംഘങ്ങളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എങ്കിലും ആക്രമണത്തിന്റെ ശൈലി തീവ്രവാദികളുടേതുപോലെയായിരുന്നുവെന്ന് ഒര്‍ലാന്‍ഡോ പോലീസ് തലവന്‍ ജോ ണ്‍ മിന പറഞ്ഞു.

വെടിവയ്പിനുശേഷം ക്ളബ്ബിലുണ്ടായിരുന്നവരെ അക്രമി ബന്ദികളാക്കി. ഇതിനിടെ, ചിലര്‍ ക്ളബ്ബിന്റെ പിന്‍ഭാഗത്തുള്ള ചെറിയ വാതിലിലൂടെയും ജനാലയിലൂടെയും ചാടി രക്ഷപ്പെട്ടു. ക്ളബ്ബിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ പോലീസിനുനേര്‍ക്ക് അക്രമി വെടിയുതിര്‍ത്തു.

എന്നാല്‍,നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാളെ പോലീസ് വെടിവച്ചിട്ടു. ബന്ദികളാക്കിയിരുന്ന 33 പേരെ പോലീസ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. സംഭവത്തെത്തുടര്‍ന്നു വന്‍ പോലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ക്ളബ്ബിന്റെ എല്ലാ ഭാഗത്തും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് അക്രമികളെ കണ്െടത്തിയില്ല.

ഒര്‍ലാന്‍ഡോയിലെ നിശാക്ളബ്ബിലുണ്ടായ ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. ഭീതിയുടെയും വെറുപ്പിന്റെയും ആഴത്തിലുള്ള മുറിപ്പെടുത്തലാണിതെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ പ്രാര്‍ഥനയില്‍ പങ്കുചേരുന്നതായും മാര്‍പാപ്പ പറഞ്ഞു. രണ്ടുദിവസംമുമ്പ് ഒര്‍ലാന്‍ഡോയില്‍ പ്രമുഖ പോപ് ഗായിക ക്രിസ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് ഇന്നലത്തെ ആക്രമണം.