ഒമാനില്‍ മണര്‍കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി
Monday, June 13, 2016 1:27 AM IST
കോട്ടയം: ഒമാനില്‍ മണര്‍കാട് സ്വദേശിയെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മണര്‍കാട് സ്വദേശിയായ ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. മസ്ക്കറ്റില്‍ നിന്നും നാനൂറോളം കിലോമീറ്റര്‍ അകലെ ഇബ്രി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായ ജോണ്‍ ഫിലിപ്പിനെയാണ് വെള്ളിയാഴ്ച രാത്രി 9.30മുതല്‍ കാണാതായത്.

പമ്പിലെയും തൊട്ടടുത്ത കടയുടെയും കളക്ഷന്‍ തുകയായ 5,000 റിയാലും നഷ്ടമായിട്ടുണ്ട്. പമ്പിനുള്ളില്‍ രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്െടത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സിസിടിവി കാമറയും ഹാര്‍ഡ് ഡിസ്കും നഷ്ടപ്പെട്ടിട്ടുണ്ട്. പമ്പില്‍ ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ജോലിക്കുള്ളത്. മറ്റുള്ളവര്‍ അവധിയായതിനാല്‍ ജോണ്‍ മാത്രമാണ് ജോലിയിലുണ്ടണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രി 9.40 ഓടെ പമ്പ് അടച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജോണിന്റെ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും വിവരങ്ങള്‍ കൈമാറിയിട്ടുണ്െടന്നു ബന്ധുക്കള്‍ അറിയിച്ചു.