മദീന ഹൈവേയില്‍ വാഹനാപകടം: ദമാമില്‍ നിന്നും ഉംറയ്ക്കു പുറപ്പെട്ട രണ്ട് മലയാളികള്‍ മരിച്ചു
Monday, June 13, 2016 1:15 AM IST
റിയാദ്: മദീനയില്‍ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ് വേയില്‍ വാഹനാപകടമുണ്ടായി ദമാമില്‍ നിന്നും ഉംറയ്ക്കു പോയ രണ്ട് മലയാളികള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം ചവറ സ്വദേശി മുസമ്മില്‍ സുബൈര്‍ കുട്ടി (22), വാഹനം ഓടിച്ചിരുന്ന കായംകുളം സ്വദേശി മുഹമ്മദ് നാദര്‍ഷാ (36)എന്നിവരാണു മരിച്ചത്.

ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഏഴു മലയാളികളുമാണ് അപകടം സംഭവിച്ച ടൊയോട്ട പ്രാഡോ കാറിലുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ നിന്നുള്ള അജിന്‍ഷ, അബ്ദുറഹ്മാന്‍, മുനീര്‍, നിഷാദ്, നിസാം തുടങ്ങിയവരും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് പരിക്കേറ്റ് ഖുലൈസ് ജനറല്‍ ആശുപത്രിയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. അല്‍കോബാറിലെ അസീസിയയില്‍ കോഫി ഷോപ്പ് നടത്തുന്നവരാണ് അപടകത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടടുത്താണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.് ദമാമില്‍ നിന്നും മദീനയിലെത്തിയ ഇവര്‍ ശനിയാഴ്ച രാത്രി തറാവീഹ് നമസ്കാര ശേഷം മക്കിയിലേക്ക് പുറപ്പെടുകയായിരുന്നു. മക്കയിലെത്തുന്നതിന് 120 കിലോമീറ്റര്‍ അകലെ ഖുലൈസ് എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലേക്ക് തെന്നി മാറി മറിയുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍