യുഎസ് കെമിസ്ട്രി ഒളിമ്പ്യാഡ് ഫൈനല്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ടകള്‍
Saturday, June 11, 2016 8:11 AM IST
ഫ്രീമോണ്ട്(കലിഫോര്‍ണിയ): യുഎസ് കെമിസ്ട്രി ഒളിമ്പ്യാഡിന്റെ 20 അംഗ ഫൈനലിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളും ഇരട്ട സഹോദരികളുമായ അനുഷ്ക്ക വാലിയ, അഞ്ജലി വാലിയ എന്നിവരെ അമേരിക്കന്‍ കെമിസ്ട്രി സൊസൈറ്റി തെരഞ്ഞെടുത്തു.

യുഎസ് ടീമില്‍ ആദ്യമായാണ് അഞ്ജലി ഫൈനലില്‍ എത്തുന്നത്. സഹോദരി അനുഷ്ക വാലിയ 2015 ല്‍ നടന്ന മത്സരത്തില്‍ ആദ്യ 20 ല്‍ സ്ഥാനമുറപ്പിച്ചിരുന്നു. കലിഫോര്‍ണി ഫ്രീമോണ്ടില്‍ നിന്നുളളവരാണ് അനുഷ്ക്കയും അഞ്ജലിയും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 16,000 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നുമാണ് 20 പേര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഇന്റര്‍നാഷണല്‍ കെമിസ്ട്രി ഒളിമ്പ്യാഡില്‍ 70 രാഷ്ട്രങ്ങളില്‍ നിന്നുളള ഫൈനലിസ്റുകളാണ് പങ്കെടുക്കുക. ജൂലൈ 23 മുതല്‍ ഓഗസ്റ് ഒന്നു വരെയാണ് ഫൈനല്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍