'രാജീവ് ഗാന്ധി എന്നും ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം'
Thursday, June 9, 2016 8:19 AM IST
ജിദ്ദ: തന്റെ ജീവിതം ജന്മ നാടിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട രാജീവ് ഗാന്ധി എക്കാലത്തേയും യുവാക്കളുടെ പ്രതീകമായി നിലനില്‍ക്കുമെന്ന് അല്‍ വുറൂദ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ അഭിപ്രായപ്പെട്ടു. ജിദ്ദ - മലപ്പുറം മുനിസിപ്പല്‍ ഒഐസിസിയുടെ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭാരതത്തിന്റെ വര്‍ത്തമാന കാലത്തെ പുത്തന്‍ സാങ്കേതിക വിപ്ളവങ്ങള്‍ക്ക് തുടക്കമിട്ട ഭരണാധികാരി എന്ന അടയാളപ്പെടുത്തലുകള്‍ക്കുമപ്പുറം രാജീവ് ഗാന്ധി രാജ്യം കണ്ട ഭരണാധികാരികളില്‍ ഏറ്റവും വലിയ രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും ആയിരുന്നുവെന്നും വീക്കി പീഡിയയിലെ വായനാനുഭവം അല്ല ഇതെന്നും ഡല്‍ഹിയില്‍ ജോലിയിലിരിക്കുമ്പോഴത്തെ നേരിട്ടുള്ള അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാണിതെന്നും അവര്‍ പറഞ്ഞു. ഒരു ഭരണാധികാരി സ്വന്തം നാടിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും തന്റെ ജനങ്ങളോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നും ജീവിച്ചു കാണിച്ചുതന്ന നേതാവായിരുന്നു രാജീവ് ഗാന്ധി എന്നും ശ്രീദേവി ടീച്ചര്‍ കൂട്ടിചേര്‍ത്തു. രാജീവ് ഗാന്ധിയുമായി അഭിമുഖ സംഭാഷണം നടത്താനുള്ള സൌഭാഗ്യമുണ്ടായതും കോണ്‍ഗ്രസിലെ മണിശങ്കര്‍ അയ്യരെപ്പോലുള്ള പ്രമു നേതാക്കളോടുള്ള അടുപ്പം സൂക്ഷിച്ചതും രാജീവ് ഗാന്ധി എന്ന മനുഷ്യ സ്നേഹിയെ കൂടുതല്‍ അടുത്തറിയുവാന്‍ നിദാനമായെന്നും ശ്രീദേവി മേനോന്‍ അനുസ്മരിച്ചു.

സൌദിയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം എത്തിയ മലപ്പുറം ഡിസിസി ട്രഷറര്‍ കൂടിയായ ഷൌക്കത്തലി വല്ലാഞ്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് പ്രവാസി രത്ന അവാര്‍ഡ് നേടിയ അബാസ് ചെമ്പനേയും ജീവക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചുകൊണ്ട് ഡോ. സുലൈമാന്‍ ഫക്കീഹ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഡയറക്ടര്‍ ഷോളി കാവുങ്ങലിനേയും ആദരിച്ചു. മലപ്പുറം മുനിസിപ്പല്‍ പ്രദേശത്ത് ചെമ്മങ്കടവില്‍ ഒരു വീട് പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് കമ്മിറ്റി രക്ഷാധികാരി അലവിക്കുട്ടി സിറ്റി ചോയ്സിനു കൈമാറി. അബ്ദുല്‍ മജീദ് നഹ (ഒഐസിസി ജിദ്ദ റീജണല്‍ മുന്‍ പ്രസിഡന്റ്), കെ.സി. അബ്ദുറഹ്മാന്‍ (രാജീവ് ഗാന്ധി ഫൌണ്േടഷന്‍ ചെയര്‍മാന്‍), ഹക്കിം പാറക്കല്‍ (മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ്), സി.എം അഹ്മദ് (പ്രിയദര്‍ശിനി ക്ളബ് മുന്‍ ചെയര്‍മാന്‍), ഷബീര്‍ അഹ്മദ് (ഒഐസിസി റീജണല്‍ കമ്മിറ്റിയംഗം), ഷരീഫ് അറക്കല്‍ (തൃശൂര്‍ ജില്ല ഒഐസിസി പ്രസിഡന്റ്), ഇബ്രാഹിം പെങ്ങാടന്‍ (തണല്‍ ചാരിറ്റി), ഷാനവാസ് തലാപില്‍ (തലാല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍), അഷ്റഫ് അഞ്ചാലന്‍ (പെരുവള്ളുര്‍ ഒഐസിസി പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അബാസ് ചെമ്പന്‍, ഷോളി കാവുങ്ങല്‍ തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. സക്കീര്‍ അലി കണ്ണേത്ത്, വിനോദ് ജോസഫ്, സിറാജ് വേങ്ങര, മിനി ജോസ്, യാസിര്‍ നായിഫ്, കരീം കോട്ടുവാല, അജയന്‍ പാറയില്‍, അബ്ദുല്‍ റസ്സാഖ്, ജോസ് തോമസ്,രാജി രാമചന്ദ്രന്‍, സിസിലി മത്തായി, ദിവ്യ ഷൈബിന്‍, റിന്റു സാബു, ഹൈദരലി, മുജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അബാസ് കൊന്നോല, ബഷീര്‍ ടി.കെ മലപ്പുറം, സാഹിര്‍ ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂനുസ് മൈലപ്പുറം പി.കെ അമീര്‍ മുണ്ടുപറമ്പ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍