സൌദിയില്‍ വിദേശികള്‍ക്കു നികുതി ചുമത്തുന്നകാര്യത്തില്‍ തീരുമാനമായില്ല: മന്ത്രി ഡോ. ഇബ്രാഹീം അസാഫ്
Thursday, June 9, 2016 4:51 AM IST
ദമാം: സൌദിയില്‍ വിദേശികളുടെമേല്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇതേക്കുറിച്ചു പിന്നീട് ചര്‍ച്ചയാവാമെന്നും സൌദി ധനമന്ത്രി ഡോ. ഇബ്രാഹീം അസാഫ്. വിഷന്‍ 2030 ഭാഗമായി അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള 'ദേശീയ പരിവര്‍ത്തന പദ്ധതി 2020' നെ കുറിച്ചു വിശദീകരിക്കുകയായിരുന്നു മന്ത്രി.

സൌദിയില്‍നിന്നു വിദേശികള്‍ അയയ്ക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്നു വളരേ മുമ്പേ തന്നെ ധനമന്ത്രാലയത്തോട് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലന്നു ധനമന്ത്രി പറഞ്ഞു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയാണ് ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതിക്കു ധനമന്ത്രാലയം തുടക്കം കുറിച്ചു. എല്ലാ മന്ത്രാലയങ്ങളും അടുത്ത ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുന്നതിനു തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അഭിപ്രായം തേടണമെന്നാണു രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ദേശീയ പരിവര്‍ത്തന പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി സ്വദേശികളുടെ തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്ന്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ ഹുഖ് ബാനി പറഞ്ഞു.

13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണു പദ്ധതി. പദ്ധതിയോടനുബന്ധിച്ച് രാജ്യത്തെ ഗതാഗതമേഖല വിപുലീകരിക്കുമെന്ന് ഗതാഗതമന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു. പൊതു യാത്രസംവിധാനം ത്വരിതപ്പെടുത്തും. അഞ്ചുവര്‍ഷത്തിനകം 64000 കിലോമീറ്റര്‍ പുതുതായി തീവണ്ടിപ്പാത നിര്‍മിക്കും. സൌദി അറേബ്യയെ കടല്‍ മാര്‍ഗമുള്ള ചരക്ക് കടത്തിന്റെ പ്രാധാന ഹബാക്കി മാറ്റുമെന്നും സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം