റ്റി.എം. സഖറിയ കോറെപ്പിസ്കോപ്പ എണ്‍പതിന്റെ നിറവില്‍
Thursday, June 9, 2016 4:48 AM IST
ന്യൂയോര്‍ക്ക്: റ്റി.എം. സഖറിയ കോറെപ്പിസ്കോപ്പ അച്ചന്റെ എണ്‍പതാം ജന്മദിനം 2016 മേയ് 21-നു ശനിയാഴ്ച ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ജാക്സണ്‍ ഹൈറ്റ്സ് ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. തദവസരത്തില്‍ നടന്ന മീറ്റിംഗില്‍ ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

പുരോഹിതന്‍ എന്ന നിലയില്‍ കഴിഞ്ഞ 53 വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ് സഭയില്‍ നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന, സഭയെ സ്നേഹിച്ച ഒരു വൈദീകശ്രേഷ്ഠനാണു സഖറിയാ അച്ചനെന്നു ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രകീര്‍ത്തിച്ചു. അമേരിക്കന്‍ ഭദ്രാസനം കെട്ടിപ്പെടുക്കുന്നതില്‍ ഒരു പ്രധാന ശില്പിയായിരുന്നു ബഹു. സഖറിയാ അച്ചന്‍. അച്ചന്റെ നേതൃത്വവും സേവനവും സഭാ വിശ്വാസികള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നു മെത്രാപ്പോലീത്ത പറഞ്ഞു.

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ജാക്സണ്‍ ഹൈറ്റ്സ് ഇടവകയുടെ ഫൌണ്ടര്‍ വികാരിയായ സഖറിയാ അച്ചന്റെ ജന്മദിനാഘോഷത്തില്‍ ഇടവക ഒന്നടങ്കം വന്നു സംബന്ധിച്ചു. ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍, വന്ദ്യ ടി.എസ്. സാമുവേല്‍ കോര്‍എപ്പിസ്കോപ്പ, വന്ദ്യ പൌലോസ് ആദായി കോര്‍എപ്പിസ്കോപ്പ, ഫാ. ഫിലിപ്പ് സി. ഏബ്രഹാം, ഫാ. ഷിജു, ബിജു വര്‍ഗീസ്, കുരുവിള കോര, സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ശില്‍പാ തര്യനും, മാര്‍ത്തമറിയം വനിതാ സമാജത്തെ പ്രതിനിധീകരിച്ച് എല്‍സിക്കുട്ടി മാത്യുവും സംസാരിച്ചു. പ്രശസ്ത സാഹിത്യകാരി സരോജാ വര്‍ഗീസ് മംഗളപത്രം, ബഹു. സഖറിയാ അച്ചനു നല്‍കി ആദരിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികള്‍ ആഘോഷത്തിന് പകിട്ടു നല്‍കി. സി.സി. തോമസ്, വര്‍ഗീസ് കെ. ജോസഫ്, സാറാമ്മ ജോര്‍ജ്, തോമസ് വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്. പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കല്പന അഭി. സേവേറിയോസ് തിരുമേനി സദസില്‍ വായിച്ചു. വന്ദ്യ സഖറിയാ കോര്‍എപ്പിസ്കോപ്പ അച്ചന്റെ മറുപടി പ്രസംഗത്തോടെ ആഘോഷം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം