ഒഎന്‍വിക്കും കലാഭവന്‍ മണിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസ്കൃതി നിശാഗന്ധി
Tuesday, June 7, 2016 5:39 AM IST
ദോഹ: അന്തരിച്ച മഹാകവി ഒഎന്‍വി യുടേയും കലാഭവന്‍ മണിയുടേയും ദീപ്തമായ സ്മരണകള്‍ അലയടിച്ച വേദിയില്‍ സംസ്കൃതി മന്‍സൂറ യൂണിറ്റ് അവതരിപ്പിച്ച 'നിശാഗന്ധി' ശ്രദ്ധേയമായി.

ഖത്തറിലെ മുപ്പതോളം ഗായകര്‍ ഒഎന്‍വിയുടേയും കലാഭവന്‍ മണിയുടേയും ഗാനങ്ങള്‍ അവതരിപ്പിച്ചു. ഒഎന്‍വി യുടെ 'ഭൂമിക്കൊരു ചരമഗീതം' ആസ്പദമാക്കി സംസ്കൃതി കളിക്കൂട്ടം പ്രവര്‍ത്തകരായ ആര്‍ഷ കൃഷ്ണന്‍, സഞ്ജന സജീവ് എന്നിവര്‍ അവതരിപ്പിച്ച സംഗീതശില്പം ശ്രദ്ധേയമായി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ പിഎച്ച്ഡി നേടിയ ഡോ. എം.സി. ഷൈനി, ബയോകെമിസ്ട്രിയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് 2016 ലെ ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ് ലഭിച്ച മന്‍സൂറ യൂണിറ്റ് അംഗം ഗീതു സരുണ്‍ മാണി, സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ അക്കൌണ്ടന്‍സിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച നമിത മോഹന്‍ എന്നിവരെ അനുമോദിച്ചു.

കലാഭവന്‍ മണിയുടെ സഹോദരീപുത്രനും നാടന്‍പാട്ട് കലാകാരനുമായ പ്രവീണ്‍ ദോഹ പരിപാടി ഉദ്ഘാടനം ചെയ്തു. മന്‍സൂറ യൂണിറ്റ് പ്രസിഡന്റ് കെ.വി.അശോകന്‍ അധ്യക്ഷത വഹിച്ചു. സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, വൈസ് പ്രസിഡന്റുമാരായ സന്തോഷ് തൂണേരി, എം.ടി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സരുണ്‍ മാണി ആടുകാലില്‍, ഷംജിത്ത് മുണ്ടമേട്ട, ഗണേഷ് ബാബു, മനീഷ് സാരംഗി, സുഹാസ് പാറക്കണ്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.