'പഴയ തലമുറയിലെ പുരോഗമന ആളുകള്‍ കേരള സമൂഹത്തെ മാറ്റിമറിക്കുവാന്‍ സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ചവരായിരുന്നു'
Saturday, June 4, 2016 8:44 AM IST
ഫുജൈറ: പഴയ തലമുറയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ ആളുകള്‍ കേരള സമൂഹത്തെ മാറ്റിമറിക്കുവാന്‍ സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞുവച്ചവരായിരുന്നുവെന്നു കവിയും നാടകകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ കരിവള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു. കൈരളി കള്‍ചല്‍ അസോസിയേഷന്‍ സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം കൈരളി ദിബ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരികമായും ശാസ്ത്രീയമായും രാഷ്ട്രീയമായും ഉന്നതിയില്‍ നില്‍ക്കുന്ന കേരള സമൂഹത്തെ ജാതീയമായും വര്‍ഗീയമായും വേര്‍തിരിക്കാന്‍ അസത്യങ്ങളും ചരിത്ര നിഷേധവും നടത്തുന്ന ഫാസിസ്റുകളെ ചെറുക്കാന്‍ ശരിയായ ചരിത്ര, ശാസ്ത്ര, സാമൂഹിക ബോധം നമ്മുടെ കലാ സാംസ്കാരിക ഇടപെടലുകളിലൂടെ പുതു തലമുറയ്ക്ക് ഉണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളില്‍നിന്നും വിഭിന്നമായി ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പുലര്‍ത്തുന്നു എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പു ബോധ്യപ്പെടുത്തിയതായും അദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക പ്രവര്‍ത്തകനായ കരിവള്ളൂര്‍ ജയദേവന്‍ കരിവള്ളൂര്‍ മുരളിയുടെ കവിത ആലപിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ നാലു യൂണിറ്റുകളില്‍നിന്നായി നൂറു പ്രതിനിധികള്‍ പങ്കെടുത്തു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സുജിത് കണക്കും അവതരിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ സൈമണ്‍ സാമുവല്‍, ശിവശങ്കരന്‍, ജോയിന്റ് സെക്രട്ടറി കെ.പി. സുകുമാരാന്‍, ഫുജൈറ യുണിറ്റ് സെക്രട്ടറി അനീഷ് ആയാടത്തില്‍, ദിബ യുണിറ്റ് സെക്രട്ടറി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.