ഡെനിസ ബാബു വാലിഡിക്ടോറിയന്‍
Friday, June 3, 2016 5:30 AM IST
സണ്ണിവെയ്ല്‍: ഡാളസ് കൌണ്ടിയിലുളള സണ്ണിവെയ്ല്‍ ഹൈസ്കൂളില്‍നിന്നു ഈ വര്‍ഷത്തെ വാലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ഥിനിയായ ഡെനിസ അമ്പാട്ട് ബാബു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി ഇവിടെ ഒന്നാം സ്ഥാനത്തെത്തുന്നത് മലയാളി വിദ്യാര്‍ഥികളാണെന്നത് മലയാളി കമ്യൂണിറ്റിക് അഭിമാനത്തിനു വക നല്‍കുന്നതാണ്.

പഠിപ്പിലും കായിക വിനോദങ്ങളിലും ഒരേ പോലെ മിടുക്കിയായ ഡെനിസ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. ക്രെെസ്റ് ദി കിംഗ് ക്നാനായ ചര്‍ച്ച് അംഗമായ ഡെനിസ യൂത്ത് ആക്ടിവിറ്റീസിലും മതപഠന ക്ളാസിലും സജീവമായി പങ്കെടുക്കുന്നു.

സ്ഥിരോത്സാഹവും കഠിന പ്രയത്നവും മാതാപിതാക്കളുടെ സഹകരണവും അധ്യാപകരുടെ ശരിയായ പരിശീലനവുമാണ് ഉന്നത വിജയത്തിനു നിദാനമായതെന്നു ഡെനിസ പറഞ്ഞു.

ഓസ്റിനിലുളള യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ ചേര്‍ന്നു ഉന്നത പഠനം തുടരുന്നതിനും ഭാവിയില്‍ ബയോമെഡിക്കല്‍ എന്‍ജിനിയറാകുന്നതിനാണ് ലക്ഷ്യമെന്നും കോട്ടയം അമ്പാട്ട് കുടുംബാംഗമായ ബാബുവിന്റെയും റജിമോളുടേയും മകളായ ഡെനിസ പറഞ്ഞു. സഹോദരങ്ങള്‍: വനേസ, മെലിസ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍