കെഇഎഎന്‍ 2016 ഉദ്ഘാടനവും എന്‍ജെ മേഖലാ സമ്മേളനവും നടത്തി
Thursday, June 2, 2016 8:15 AM IST
ന്യൂജേഴ്സി: കേരള എന്‍ജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ് അമേരിക്ക (കെഇഎഎന്‍- 2016) ഉദ്ഘാടനവും എന്‍ജെ മേഖലാ സമ്മേളനവും റോഷേല്‍ പാര്‍ക്കിലെ റമദാ ഇന്നില്‍ മേയ് 21നു സംഘടിപ്പിച്ചു. എന്‍ജെ ബോര്‍ഡ് ഓഫ് പബ്ളിക് യൂട്ടിലിറ്റീസ് കമ്മീഷണര്‍ ഉപേന്ദ്ര ചിവക്കുള മുഖ്യാതിഥിയായിരുന്നു.

മനേഷ് നായര്‍ (ഡയറക്ടര്‍ ഗ്ളോബല്‍ പാര്‍ട്ണര്‍ഷിപ്പ്സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് @അമേരിക്കല്‍ എക്സ്പ്രസ്), നേതൃത്വത്തെ കുറിച്ചും തോമസ് ജി മൊട്ടക്കല്‍ (സിഇഒ ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്) എന്‍ജിനിയറുടെ സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിലും മുഖ്യ പ്രഭാഷണം നടത്തി.

ലീഡര്‍ഷിപ് കോഷന്റ് (നേതൃത്വ സിദ്ധിമാനം) എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച മനേഷ് നായര്‍ ഒരു സ്ഥാപനത്തിന്റെ ഉയരങ്ങളില്‍ എത്തുന്നതിന് ഒരാള്‍ തന്റെ ശൃംഖലകള്‍ വിപുലീകരിക്കേണ്ടതിന്റെയും സാമൂഹിക മൂലധനം സൃഷ്ടിക്കേണ്ടുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഒരു എന്‍ജിനിയര്‍ സമൂഹത്തോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തോമസ് മൊട്ടക്കല്‍ പ്രതിപാദിച്ചു. കെഇഎന്‍ ജനറല്‍ സെക്രട്ടറി മനോജ് ജോണ്‍ മുഖ്യ പ്രഭാഷകരെ സദസിനു പരിചയപ്പെടുത്തി.

തുടര്‍ന്നു പരിപാടിയുടെ സ്പോണ്‍സര്‍ കൂടിയായ ചെറുമറ്റത്തില്‍ ഡവലപ്പേഴ്സ് ആന്‍ഡ് ബില്‍ഡേഴ്സിലെ രാജേഷ് മാത്യുവിന്റെ പ്രസന്റേഷന്‍ നടന്നു. കേരളത്തിലെ തങ്ങളുടെ 'ഗ്രീന്‍ നെസ്റ് പ്രോജക്ടില്‍' പാരിസ്ഥിതികമായുള്ള സുസ്ഥിര രൂപകല്‍പന എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നതെന്നു വിശദീകരിച്ചു. തുടര്‍ന്നു നടന്ന സംരംഭക നേതൃത്വത്തെ പറ്റിയുള്ള പാനല്‍ ചര്‍ച്ച ആരുണ്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്റ് ചെയ്തു.

ഡോ. ആദം പി. ധവാന്‍, സുരേന്ദ്ര തിവാരി, ഡോ. രഘു മേനോന്‍, രഞ്ജി കെ. മാത്യു എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

അക്കാദമിക ലോകം, കോര്‍പറേറ്റ് ലീഡര്‍ഷിപ്പ്, സംരംഭകര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സംഗമിച്ച പാനല്‍ ചര്‍ച്ചകള്‍ വിജ്ഞാനപ്രദമായിരുന്നു. ഒപ്പം സംരംഭക നേതൃത്വത്തെ കുറിച്ച് കോര്‍പറേറ്റ് തലവന്മാര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, സംരംഭകര്‍ തുടങ്ങിയവരുടെ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഒന്‍പതു മുതല്‍ അഞ്ചുവരെ ജോലിയെടുക്കുന്ന ഇന്ത്യന്‍ അമേരിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് സ്റാര്‍ട്ട്അപ്പുകളും സംരംഭകത്വവും ഉപയോഗിച്ച് എങ്ങനെ വിജയം കൊയ്യാമെന്ന് പാനല്‍ ചര്‍ച്ച ചെയ്തു.

തുടര്‍ന്നു നടന്ന മേഖലാ സമ്മേളനത്തില്‍ കെഇഎഎന്‍ പ്രസിഡന്റ് അജിത് ചിറയില്‍, ഇന്നത്തെ ലോകത്ത് ക്രോസ് ഫങ്ഷണല്‍ നെറ്റ് വര്‍ക്കിംഗും പാര്‍ട്ണര്‍ഷിപ്പും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന കാര്യം ആവര്‍ത്തിച്ചു. മെഡിക്കല്‍ ഫീല്‍ഡും കംപ്യൂട്ടര്‍ എന്‍ജിനിയറിംഗിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്ക് കരിയര്‍ അവസരങ്ങളേയും സാധ്യതയുടെ കലയേയും കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള പ്രഫസര്‍മാര്‍ക്ക് വളര്‍ന്നു വരുന്ന മേഖലകളേയും തൊഴിലവസരങ്ങളേയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനും കെഇഎഎന്‍ ഈ വര്‍ഷം പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിങ് പഠനം നടത്തുന്നതിന് സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടി കെഇഎന്‍ തുടരും.

ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വ്യത്യസ്തമായുള്ള സാമൂഹിക സമ്പര്‍ക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യാതിഥി ഉപേന്ദ്ര ചിവക്കുളവിശദീകരിച്ചു.

തുടര്‍ന്നു സംസാരിച്ച ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍ പേഴ്സണ്‍ പ്രീതാ നമ്പ്യാര്‍ സമൂഹത്തിലേക്ക് തിരികെ നല്‍കാനുള്ള ഒരു താല്‍പര്യം കൂടി നമുക്കുണ്ടായിരിക്കണമെന്നു ഓര്‍മപ്പെടുത്തി.

പരിപാടിയുടെ സ്പോണ്‍സര്‍, മുഖ്യാതിഥി, മുഖ്യ പ്രഭാഷകര്‍, പാനലിസ്റുകള്‍ എന്നിവര്‍ക്ക് കെഇഎഎന്നിന്റെ വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പ്രശംസാപത്രങ്ങള്‍ സമ്മാനിച്ചു. അത്താഴ വിരുന്നും സിജി ആനന്ദ്, ജിനു ജേക്കബ് എന്നിവരുടെ സംഗീത വിരുന്നുമായി പരിപാടി സമാപിച്ചു. വിനോദ പരിപാടികളുടെ സംഘാടനം റെജിമോന്‍ ഏബ്രഹാമും പരിപാടിയുടെ ആസൂത്രണം റോഷ്നി രവിയും നിര്‍വഹിച്ചു. കെ.ഇഎഎന്‍ ന്യൂജഴ്സി വൈസ് പ്രസിഡന്റ് നീനാ സുധീര്‍ നന്ദി പറഞ്ഞു.

അജിത് ചിറയില്‍ (പ്രസിഡന്റ്) 6095324007, മനോജ് ജോണ്‍ (ജനറല്‍ സെക്രട്ടറി) 9178419043, ലിസി ഫിലിപ്പ് (ട്രഷറര്‍) 8456426206.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം