ഏബ്രഹാം മാത്യു സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സഭാ കൌണ്‍സില്‍ അംഗം
Wednesday, June 1, 2016 6:09 AM IST
ഹൂസ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഭാ കൌണ്‍സിലിലേക്കു നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നുളള ഏക അംഗമായി ഹൂസ്റണ്‍ സെന്റ് തോമസ് ഇടവകയില്‍നിന്നുളള ഏബ്രഹാം മാത്യു (ജോയി മണ്ണില്‍) തെരഞ്ഞെടുക്കപ്പെട്ടു.

ഹൂസ്റണ്‍ ഇടവകയില്‍നിന്നു സഭയുടെ പ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏബ്രഹാം ഐകകണ്ഠ്യേനയാണ് സഭാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഹൂസ്റണ്‍ ഇടവകയില്‍ നിരവധി ചുമതലകള്‍ വഹിച്ചു വരുന്ന ഇദ്ദേഹം ഇതിനുമുമ്പ് മുംബൈ സാന്താക്രൂസ് ഈസ്റിലുളള കലീന ഇടവകയില്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബാഹ്യകേരള ഭദ്രാസനത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റാന്നി കീക്കൊഴൂര്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്. ഹൂസ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഏബ്രഹാം മാത്യു കഴിഞ്ഞ മൂന്നു വര്‍ഷമായി ഹൂസ്റണ്‍ റാന്നി അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. അദ്ദേഹത്തിനു ലഭിച്ച ഈ ഉന്നത സ്ഥാന ലബ്ദി ഹൂസ്റണ്‍ ഇവാഞ്ചലിക്കല്‍ ഇടവകയ്ക്ക് അഭിമാനം നല്‍കുന്നതാണെന്നു ഇടവക വികാരി റവ. കെ.ബി. കുരുവിള അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി