റംസാന്‍ ജീവിത കാഴ്ചപ്പാടുകളെ പുനരാലോചിക്കാനുള്ള അവസരം
Wednesday, June 1, 2016 6:01 AM IST
അല്‍കോബാര്‍: റംസാനു സ്വാഗതം എന്ന തലക്കെട്ടില്‍ തനിമ അല്‍ കോബാര്‍ സോണ്‍ സംഘടിപ്പിച്ച വിജ്ഞാന സദസ് അപ്സര റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമത്തില്‍ തനിമ സോണല്‍ വൈസ് പ്രസിഡന്റ് അഷ്റഫ് സലഫി കാരക്കാട് മുഖ്യപ്രഭാഷണം നടത്തി.

വിശ്വാസികള്‍ക്ക് അനുഗ്രഹമായി കടന്നുവരുന്ന പുണ്യമാസത്തെ ഗൌരവത്തോടെയും ജഗ്രതയോടെയും സര്‍വോപരി അല്ലാഹുവിലുള്ള പ്രതീക്ഷയോടെയും സമീപിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. റംസാനിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും അനിവാര്യമാണ്. തഖ്വയുള്ളവരാകുവാനാണ് നോമ്പ് നിര്‍ബന്ധമാക്കിയത്. ഓരോ വിശ്വാസിയും ജീവിച്ചുതീര്‍ത്ത കാലത്തിനിടക്ക് തഖ്വയുടെ ഉന്നതമായ അവസ്ഥയിലെത്തുവാന്‍ കഴിഞ്ഞുവോ എന്ന ആലോചന റംസാന്‍ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ജീവിതത്തിലെ കാഴ്ചപാടുകളെ പുനരവലോകനം ചെയ്യാനും തന്റെ ജീവിതം അല്ലാഹു ഇഷ്ടപ്പെട്ട സമര്‍പ്പിത ജീവിതമാണോ എന്നു പുനര്‍വിചിന്തനം നടത്താനും ഓരോ റംസാനും വിശ്വാസിക്ക് പ്രചോദനമാവേണ്ടതുണ്െടന്നു അദ്ദേഹം പറഞ്ഞു.

തനിമ അല്‍ കോബാര്‍ സോണല്‍ പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസിഫ് കക്കോടി സ്വാഗതം പറഞ്ഞു. ഹബീബ് മാങ്കോട് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം