ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ തിരുനാള്‍
Wednesday, June 1, 2016 4:22 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ മൂന്നു മുതല്‍ അഞ്ചു വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ മൂന്നിനു (വെള്ളിയാഴ്ച) വൈകുന്നേരം 6.30-നു ബത്തേരി മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷനായ ഡോ. ജോസഫ് മാര്‍ തോമസ് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികനും, ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. ഡോ. ജോസഫ് മാര്‍ തോമസ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേത്തുടര്‍ന്നു കലാസന്ധ്യ ഉണ്ടായിരിക്കും.

ജൂണ്‍ നാലിനു ശനിയാഴ്ച വൈകുന്നേരം 5:30-നു തുടങ്ങുന്ന പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ളോന്‍ വാഴ്ച എന്നീ തിരുക്കര്‍മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍, ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിക്കുന്നത്.

പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ അഞ്ചിനു (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക്, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കുകയും, ഫാ. സെബാസ്റ്യന്‍ പുരയിടം, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും ചെയ്യും. വികാരി ജനറാളും ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയുമായ മോണ്‍. അഗസ്റിന്‍ പാലക്കപ്പറമ്പില്‍ തിരുനാള്‍സന്ദേശം നല്‍കുന്നതാണ്. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണപ്പകിട്ടാര്‍ന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി ഫാ. ബാബു മഠത്തിപറമ്പില്‍ നേതൃത്വം നല്‍കുന്നതായിരിക്കും.

സെന്റ് അഗസ്റിന്‍, സെന്റ് സെബാസ്റ്യന്‍, സെന്റ് അല്‍ഫോന്‍സാ കൂടാരയോഗാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്രദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഫൊറോന വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത്, പ്രസുദേന്തിമാര്‍, കൈക്കാരന്മാര്‍ എന്നിവര്‍ തിരുഹൃദയ ദേവാലയത്തിലേക്കു ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി