നൂറ് എപ്പിസോഡ് പിന്നിട്ട 'ജഗപൊഗ' വിജയാഘോഷം ഹൃദ്യമായി
Tuesday, May 31, 2016 8:22 AM IST
ന്യൂയോര്‍ക്ക്: പ്രേക്ഷകരെ ചിരിപ്പിച്ചും കുസൃതി ചോദ്യങ്ങളിലൂടെ ചിന്തിപ്പിച്ചും നൂറ് എപ്പിസോഡ് പിന്നിട്ട 'ജഗപൊഗ' പരിപാടിയുടെ വിജയാഘോഷം ഹൃദ്യമായ അനുഭവമായി.

പേരുപോലെ തന്നെ നര്‍മത്തില്‍ ചാലിച്ച പരിപാടികളാണ് ജഗപൊഗയായി പ്രവാസി ചാനലില്‍ പ്രേക്ഷക ഹൃദയം കവര്‍ന്നത്. കുസൃതി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നിസാരം. പക്ഷെ ഉത്തരം പറയാന്‍ നോക്കുമ്പോള്‍ സംശയം. ആളുകളെ കുഴയ്ക്കുന്ന ചോദ്യങ്ങളിലൂടെ അറിവും പ്രദാനം ചെയ്ത പരിപാടി ഏറെ കാഴ്ചക്കാരുള്ള പ്രോഗ്രാമുകളില്‍ ഒന്നാണ്.

ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മലയാളി സമൂഹം ഒന്നാകെ പങ്കെടുത്തു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഏലിയാസ് പോള്‍, കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക പ്രസിഡന്റ് സണ്ണി ഏബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍, വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, പത്തനംതിട്ട അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ്, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി കൊട്ടാരം എന്നിവര്‍ ചടങ്ങിനു മാറ്റു കൂട്ടി.

എബി വില്‍സന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിലെ പൊതു ചടങ്ങ് പ്രവാസി ചാനല്‍ സീനിയര്‍ ആങ്കര്‍ അനിയന്‍ ജോര്‍ജ് നിയന്ത്രിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാന്‍സ് അക്കാഡമിയിലെ ശ്രുതി മാമ്മന്റെ പൂജാനൃത്തം ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം നല്‍കി.

പ്രവാസി ചാനലിന്റെ റീജണല്‍ ഡയറക്ടര്‍ സാബു സ്കറിയ, ജഗപൊഗയുടെ നിര്‍മാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ് എന്നിവര്‍ സംസാരിച്ചു.

പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യവും പ്രവാസി ചാനലിന്റെ സീനിയര്‍ അവതാരകനുമായ അനിയന്‍ ജോര്‍ജ്, പ്രവാസി ചാനല്‍ റീജണല്‍ ഡയറക്ടര്‍ സാബു സ്കറിയ, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, പ്രവാസി ചാനല്‍ ചീഫ് എഡിറ്റര്‍ ജില്ലി സാമുവല്‍, ജഗപൊഗ പ്രോഗ്രാം നിര്‍മാതാക്കളായ ജിനോ ജേക്കബ്, മിക്കി തോമസ്, മഴവില്‍ എഫ്എം ഡയറക്ടര്‍ ജോജോ കൊട്ടാരക്കര, മിത്രാസ് രാജന്‍ ചീരന്‍, മിത്രാസ് ഡോ. ഷിറാസ് എന്നിവരും ഫിലാഡല്‍ഫിയയിലെ എല്ലാ സംഘടനാ ഭാരവാഹികളും ചേര്‍ന്നു നിലവിളക്കു തെളിച്ചത് മലയാളികളുടെ ഒരുമയെ വിളിച്ചോതുന്നതായിരുന്നു. സാബു സ്കറിയ, സുനില്‍ ട്രൈസ്റാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു ഗായിക ഹെല്‍ഡാ സുനിലിന്റെ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. ജഗപൊഗ പരിപാടിയുടെ തന്നെ അവതാരകരായ ജിജോ, സുനിത എന്നിവരായിരുന്ന പ്രോഗ്രാമിന്റെ എംസിമാര്‍. ഫിലഡല്‍ഫിയയിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ ടെമ്പിള്‍ അഗ്നി ടീമിന്റെ ബോളിവുഡ് ഡാന്‍സ് അരങ്ങേറി.

പ്രവാസി ചാനലിന്റെ പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി ജിനോ മിക്കി എന്നിവരെ സാബു സ്കറിയയും ജില്ലി സാമുവലും ആദരിച്ചു. അജി പണിക്കരുടെ നേതൃത്വത്തിലുള്ള നൂപുര ഡാന്‍സ് അക്കാഡമിയുടെ വിവിധ നൃത്തങ്ങള്‍ ജഗപൊഗ സായംസന്ധ്യ വര്‍ണാഭമാക്കി. അനൂപ്, ശ്രീദേവി അനൂപ്, മെല്ലിസാ തോമസ്, പ്രിയ, ബിജു, സാബു പാമ്പാടി, ജെസ്ലിന്‍, ക്രിസ്റി, കെവിന്‍, അന്‍സു എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ചു.