'ഫോമയും ഇന്ത്യന്‍ പ്രസ് ക്ളബും യോജിച്ചു പ്രവര്‍ത്തിക്കണം'
Monday, May 30, 2016 7:10 AM IST
ന്യൂയോര്‍ക്ക്: ഫോമ എന്ന ഫെഡറല്‍ സംവിധാനത്തിലുള്ള മഹാസംഘടന യുടെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും ഹാനികരമായ വിധത്തിലുള്ള ഒരു സാഹചര്യം നിലവിലുണ്െടങ്കില്‍ അതിനു പരിഹാരം കാണുവാന്‍ അഡ്വൈസറി ബോര്‍ഡും നിലവിലുള്ള ഭാരവാഹികളും ഒരുമിച്ചിരുന്നു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുവാന്‍ ശ്രമിക്കണമെന്നു ഫോമ മുന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ അഭ്യര്‍ഥിച്ചു.

പ്രവാസി സമൂഹത്തിനു പ്രയോജനകരമായ ചെറുതും വലുതുമായ കാര്യങ്ങളില്‍ ഇടപെടുവാനും വിവിധ രംഗങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുവാനും ഫോമക്ക് ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. മലയാളം മാധ്യമങ്ങളെല്ലാം തന്നെ മറ്റെല്ലാ സംഘടനകളെക്കാളും അധികമായി ഫോമയെ മുന്‍ നിരയിലേക്ക് ആനയിക്കുവാന്‍ മുന്‍കാലങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഈ പരസ്പര ബന്ധത്തിനു കോട്ടം വരുത്തുന്ന നിലപാടു കളില്‍ നിന്നും പിന്തിരിയണമെന്നും തോമസ് റ്റി. ഉമ്മന്‍ അഭ്യര്‍ഥിച്ചു.

ഫോമയുമായുള്ള ഇന്ത്യ പ്രസ് ക്ളബിന്റെ നിസഹകരണ തീരുമാനം ദശാബ്ദങ്ങളായി മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈ എടുത്തു പടുത്തുയര്‍ത്തിയ ബന്ധത്തിന് വിള്ളലുണ്ടാക്കുമെന്ന് ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.

തെറ്റിദ്ധാരണകളുടെ പേരില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്െടങ്കില്‍ അത് പുനഃപരിശോധിക്കണം. കേരളത്തിലും അമേരിക്കയിലും പ്രസ് ക്ളബും ഫോമയുമായുള്ള ബന്ധത്തില്‍ അസൂയാലുക്കളായ ചില തല്‍പര കക്ഷികള്‍ക്ക് മുതലെടുപ്പു നടത്തുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ഫോമ കേരളത്തില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കേരള കണവന്‍ഷനുമൊക്കെ ജനഹൃദയങ്ങളിലെത്തിച്ചതില്‍ മുഖ്യ പങ്കു വഹിച്ചത് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയാണ്. അതുപോലെ ലാസ് വേഗസ് കണ്‍വന്‍ഷന്റെ വിജയവും ഫോമ- പ്രസ് ക്ളബ് സൌഹൃദത്തിന്റെ വിജയം കൂടിയാണ്. അതിനാല്‍ ഫോമയുടെ ഉത്തരവാദിത്തപ്പെട്ട കമ്മിറ്റികള്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട വിഷയത്തില്‍ എത്രയും പെട്ടെന്നു പരിഹാരമുണ്ടാക്കണമെന്നു ജോണ്‍ വര്‍ഗീസ് പറഞ്ഞു.

ഇന്ത്യ പ്രസ് ക്ളബ്, ഫോമയുടെ ആത്മമിത്രമാണെന്നു ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് പറഞ്ഞു. ചില തല്‍പര കക്ഷികളുടെ പ്രവര്‍ത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ പ്രസ് ക്ളബിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ കാരണമായതെന്നു കരുതുന്നു. പ്രസ് ക്ളബും ഫോമയും അമേരിക്കന്‍ മലയാളികളുടെ അംഗീകാരവും ബഹുമാനവും പിടിച്ചു പറ്റിയ സംഘടനകളാണ്. പ്രസ് ക്ളബിലെ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കികൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ഫോമയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അഡ്വൈസറി ബോര്‍ഡും ജുഡീഷ്യല്‍ കൌണ്‍സിലും അടിയന്തരമായി യോഗം ചേര്‍ന്നു പ്രശ്നപരിഹാരത്തിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹത്തിന്റെയും സൌഹൃദയത്തിന്റെയും പാതയാണ് ഫോമയുടെ ശൈലി എന്നു ഫോമ ഫൌണ്ടിംഗ് സെക്രട്ടറി അനിയന്‍ ജോര്‍ജ്. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണെങ്കില്‍ ഫോമ വടക്കേ അമേരിക്കയിലെ മലയാളികളുടെയും സംഘടനകളുടെയും സൌഹൃദവേദിയാണ്. രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഫോമയുടെ ജന്മം മുതല്‍ ഒരു കൈത്താങ്ങായി എപ്പോഴും ഫോമയുടെ കൂടെ സഞ്ചരിച്ച ഇന്ത്യന്‍ പ്രസ് ക്ളബ് എക്കാലവും മറ്റു സംഘടനകള്‍ക്ക് വഴികാട്ടിയാണ്. മറ്റു ജോലി തിരക്കുകള്‍ക്കിടയിലും പത്ര പ്രവര്‍ത്തനത്തിനുവേണ്ടി മുഴുകി നേരിന്റെ വഴി സമൂഹങ്ങളില്‍ തുറന്നുകൊടുക്കുന്ന മാധ്യമ പ്രവണതകള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ശശീന്ദ്രന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളി, ജോര്‍ജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായ ഫോമ ഇപ്പോള്‍ ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുളള തയാറെടുപ്പിലാണ്. എല്ലാവരെയും ഉള്‍ക്കൊളളുകയാണ്. അകറ്റി നിര്‍ത്തുകയല്ല ഫോമയുടെ ദൌത്യം. സൌഹൃദയത്തിന്റേയും സമന്വയത്തിന്റേയും പാതയിലൂടെ ഫോമയും ഇന്ത്യന്‍ പ്രസ് ക്ളബു ഒരുമിച്ചു സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മുന്നേറട്ടെ എന്നു ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.