പുതിയ കേരള സര്‍ക്കാര്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരള വിഭാഗം ആഘോഷം സംഘടിപ്പിക്കുന്നു
Wednesday, May 25, 2016 5:57 AM IST
മസ്കറ്റ്: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന്റെ ആഘോഷങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

മേയ് 27നു (വെള്ളി) ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളാണു നടക്കുകയെന്നു സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 6.30നു തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകള്‍ ഉണര്‍ത്തുന്ന ഒരു ഭരണമാണ് പ്രതീക്ഷിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്ത്, ജനങ്ങളില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട്, കഴിഞ്ഞ ഇഎംഎസ് സ്മാരക പഠന കോണ്‍ഗ്രസില്‍ ഏറെ ചര്‍ച്ച ചെയ്താണു പ്രകടനപത്രിക പുറത്തിറക്കിയത്. സര്‍വമാന ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി സുസ്ഥിര വികസനത്തില്‍ ഊന്നിക്കൊണ്ട് അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ പുതിയ സര്‍ക്കാരിന് ആകുമെന്നു കരുതുന്നു.

വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ജാതി മത രാഷ്ട്രീയ ഭേദമെന്യേ മസ്കറ്റിലെ എല്ലാ പ്രവാസികളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം