ഫോമ കണ്‍വന്‍ഷനു സ്പോണ്‍സര്‍ഷിപ്പുമായി സൌത്ത് ഡേഡ് ടൊയോട്ട
Tuesday, May 24, 2016 6:21 AM IST
ഫ്ളോറിഡ: വ്യത്യസ്തത കൊണ്ട് ജനഹൃദയങ്ങളില്‍ ചേക്കേറിയ ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായി സൌത്ത് ഫ്ളോറിഡയിലെ പ്രശസ്ത ടൊയോട്ട ഡീലര്‍മാരിലൊന്നായ സൌത്ത് ഡേഡ് മുന്നോട്ടു വരുന്നു.

സൌത്ത് ഡേഡ് ടൊയോട്ട മനേജരും മലയാളിയുമായ രാജി തോമസ് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനു സ്പോണ്‍സര്‍ഷിപ്പ് ചെക്കു നല്‍കി. ചടങ്ങില്‍ ഫോമ ട്രഷറര്‍ ജോയി ആന്തണി, അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വര്‍ഷങ്ങളായി ഫ്ളോറിഡ നിവാസികള്‍ക്ക്, പ്രത്യേകിച്ച് മലയാളി സമൂഹത്തിനു ഡേഡ് ടൊയോട്ട ചെയ്തു വരുന്ന സേവനം എടുത്തുപറയേണ്ടതാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണു ടൊയോട്ട. ഒരു പക്ഷേ ഒരു ടൊയോട്ട പോലുമില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഒരു ടൊയോട്ട വാഹനത്തിന്റെ ഉടമസ്ഥരാകാത്ത മലയാളികളില്ല എന്നു തന്നെ പറയാം.

ജൂലൈ ഏഴു മുതല്‍ 10 വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വളളം കളി, യവജനോത്സവം, സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ചിരിയരങ്ങ്, വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളുമായാണ് സംഘാടകര്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വിരുന്നൊരുക്കുന്നതെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്