ഫോമ 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം ആയിരം ഡോളര്‍
Monday, May 16, 2016 6:04 AM IST
മയാമി: ഫ്ളോറിഡയിലെ മയാമിയില്‍ ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വഷനോടനുബന്ധിച്ചു ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന 56, 28 ചീട്ടുകളി മത്സരത്തില്‍ ആയിരം ഡോളര്‍ ഒന്നാം സമ്മാനമായി നല്‍കുവാന്‍ തീരുമാനിച്ചു. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 500 ഡോളറും 250 ഡോളറുമാണ്. ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പ്രസിഡന്റ് ആനന്ദന്‍ നിരവേലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

56 ചീട്ടു കളിയുടെ രാജാക്കന്മാരില്‍ ഒരാളായ ഡിട്രോയിറ്റില്‍നിന്നുള്ള മാത്യൂസ് ചെരുവിലാണു കളികളുടെ കോ-ഓര്‍ഡിനേറ്റര്‍. 56 അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലിതന്നെയായിരിക്കും ഫോമ കണ്‍വന്‍ഷനിലുമെന്നു മാത്യൂസ് ചെരുവില്‍ പറഞ്ഞു. വിവിധ റീജണില്‍നിന്നുമായി ചീട്ടുകളി പ്രേമികള്‍ ഇപ്പോള്‍ തന്നെ രജിസ്ട്രേഷന്‍ ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

വള്ളംകളി, മിസ് ഫോമാ, നാടകോത്സവം, മലയാളി മങ്ക, യൂത്ത് ഫെസ്റിവല്‍ തുടങ്ങിയ വിവിധ മത്സരങ്ങളും വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങി വിവിധ പരിപാടികളാണു സംഘാടകര്‍ അസൂത്രണം ചെയ്തിരിക്കുന്നത്.

മയാമി ബീച്ചിലുള്ള പ്രകൃതി രമണീയമായ ഡ്യൂവില്ല് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കണ്‍വന്‍ഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ംംം.ളീാമമ2016.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

വിവരങ്ങള്‍ക്ക്: മാത്യൂസ് ചെരുവില്‍ 586 206 6164.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്