കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Wednesday, May 11, 2016 6:28 AM IST
കുവൈത്ത് സിറ്റി: കല കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന പ്രശ്നങ്ങളില്‍ എംബസി ശക്തമായി ഇടപെടുക, ഇന്ത്യന്‍ സമൂഹത്തിനു സ്വന്തമായ ഈ സ്ഥാപനം എംബസിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുക, സ്കൂളുമായി ബന്ധപ്പെട്ടു വ്യക്തമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എംബസി കൃത്യമായ അന്വേഷണം നടത്തുകയും ധവളപത്രം പുറത്തിറക്കുകയും ചെയ്യുക, പുതിയ സ്കൂള്‍ ബോര്‍ഡ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുക, നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ടു ഉടനടി പരിഹരിക്കുക, ഇഖാമ പ്രശ്നങ്ങളില്‍പ്പെട്ടു ജയിലില്‍ കഴിയുന്ന നൂറുകണക്കിനു ഇന്ത്യക്കാരെ പ്രത്യേക വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലേക്കു അയയ്ക്കുവാനുള്ള നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് അംബാസഡര്‍ക്കു സമര്‍പ്പിച്ചത്.

കല പ്രസിഡന്റ് ആര്‍. നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, അബാസിയ, സാല്‍മിയ മേഖല സെക്രട്ടറിമാരായ മൈക്കില്‍ ജോണ്‍സണ്‍, രമേശ് കണ്ണപുരം, സാമൂഹിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ചടങ്ങില്‍ കലയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍