ഫൊക്കാനയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ മാധവന്‍ ബി. നായര്‍
Friday, May 6, 2016 5:02 AM IST
ന്യൂജേഴ്സി: ഫൊക്കാനയ്ക്ക് പുതിയ ദിശാബോധം നല്‍കി കെട്ടുറപ്പുളള സംഘടനയാക്കാന്‍ മാധവന്‍ ബി. നായര്‍ . 2016-2018 കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാന്‍ സുഹൃത്തുക്കളുടെ എംബിഎന്‍ ആയ മാധവന്‍ ബി. നായര്‍ അരയും തലയും മുറുക്കി രംഗത്ത് ഫൊക്കാനയിലെ ഒരു പ്രമുഖ അംഗ സംഘടനയായ മഞ്ച് അഭിമാനപുരസരം മാധവന്‍ ബി. നായരെ എന്‍ഡോഴ്സ് ചെയ്യുന്നതായി പ്രസിഡന്റ് സജി മോന്‍ ആന്റണി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന അംഗ സംഘടനകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കിയശേഷമാണ് എന്‍ഡോഴ്സ്മെന്റ്സ് ഇവര്‍ പറഞ്ഞു.

ടൊറന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ വച്ചാണ് ഡെലിഗേറ്റ്സ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുക.

നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാധവന്‍ ബി. നായര്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ട്രെെസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ 'നാമ'ത്തിന്റെ സ്ഥാപകനും ഇപ്പോള്‍ ചെയര്‍മാനുമായ മാധവന്‍ ബി. നായര്‍ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റി ബോര്‍ഡ് അംഗവുമാണ്.

അമേരിക്കന്‍ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടി ക്ളബിന്റെ പ്രസിഡന്റായും സ്വന്തമായി ഫിനാന്‍ഷ്യല്‍ സ്ഥാപനമുളള മാധവന്‍ ബി. നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവന്‍ ബി. നായരെ തേടിയെത്തിയിട്ടുളള പുരസ്കാരങ്ങള്‍ നിരവധിയാണ്.

മലയാളി സംഘചേതനയുടെ പ്രതീകമായ ഫൊക്കാന 1983 ല്‍ കൊളുത്തിയ സാംസ്കാരിക ദീപം അണയാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ആത്മാര്‍ത്ഥ മായി ശ്രമിക്കുമെന്ന് മാധവന്‍ ബി. നായര്‍ പറഞ്ഞു. ഈ പ്രസ്ഥാനത്തെ ഇതുവരെ നയിച്ചവരെ കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നു. പുതുതലമുറയെ സംഘടനയിലേക്ക് കൊണ്ടു വരുവാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തും. സംഘടനകളെ തമ്മില്‍ കൂട്ടിയിണക്കി വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കും. രണ്ട് വര്‍ഷത്തിലൊരിക്കലെ കണ്‍വന്‍ഷന്‍ കൂടാതെ സമൂഹത്തിന് ഗുണകരമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കും. കഴിവ് പ്രകടിപ്പിക്കുന്നവരെയും ബിസിനസ് താല്പര്യമുളളരെയും പ്രോത്സാഹിപ്പിക്കും. പ്രസ്ഥാനം ഇതേ വരെ കണ്ടിട്ടില്ലാത്ത ആഢ്യത്വവും പ്രൌഢിയും വിളിച്ചോതുന്ന ഒരു ന്യുജഴ്സി കണ്‍വന്‍ഷനുമായി കാത്തിരിക്കുക എന്നും മാധവന്‍ ബി. നായര്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍