കെപിഎസ്ജെ ദശവാര്‍ഷികം അവിസ്മരണീയമായി
Thursday, May 5, 2016 8:17 AM IST
ജിദ്ദ: ജിദ്ദയിലെ കൊല്ലം ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം (കെപിഎസ്ജെ) ദശവാര്‍ഷികം ആഘോഷിച്ചു.

ജിദ്ദ ലയാലി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ പ്രമുഖ വ്യവസായി ഡോ. ഷൂജ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. കെപിഎസ്ജെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഷറഫുദീന്‍ പെരുമ്പുഴ അധ്യക്ഷത വഹിച്ചു. ദശവാര്‍ഷിക സ്മരണികയായ 'ഇല്ലം' ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോടിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.

അടുത്ത ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വയം തൊഴില്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സേവന പരിപാടികളുടെ രൂപരേഖ സമ്മേളനത്തില്‍ സലാം പോരുവഴി അവതരിപ്പിച്ചു. സുദീപ് സുന്ദരന്‍, സലിം പന്മന, അഷ്റഫ് കുരിയോട് എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ സേവന പ്രവര്‍ത്തനങ്ങളുടെ ധാരണ പത്രം ഏറ്റുവാങ്ങി. പ്രവാസി രത്ന പുരസ്കാരം നേടിയ രക്ഷാധികാരി തോമസ് വൈദ്യനെ ഗോപി നെടുങ്ങാടി ആദരിച്ചു.

പത്ത് വര്‍ഷത്തെ സേവനത്തിനു കെപിഎസ്ജെ ഏര്‍പ്പെടുത്തിയ സര്‍വീസ് അവാര്‍ഡിന് സൈനുലാബ്ദീന്‍ ദര്‍പ്പക്കാട്, ഷറഫുദീന്‍ പെരുമ്പുഴ, കലാം മഞ്ഞപ്പാറ, അബ്ദുല്‍ സലാം പോരുവഴി, അഷ്റഫ് കുരിയോട്, ശിഹാബ് ദര്‍പ്പക്കാട്, അബ്ദുല്‍ സലാം കുരീപുഴ, സുദീപ് സുന്ദരന്‍, സിറാജ് അയത്തില്‍ എന്നിവര്‍ അര്‍ഹരായി. മികച്ച പ്രവര്‍ത്തനത്തിനുള്ള എക്സെലന്‍സ് അവാര്‍ഡിനു തോമസ് വൈദ്യന്‍, മുഹമ്മദ് ബൈജു, രാജീവ് ചവറ, ലീന കലാം, ഷിജി രാജീവ് എന്നിവര്‍ അര്‍ഹരായി. പത്താം വാര്‍ഷികത്തിനു മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള ഗ്രാറ്റിറ്റ്യൂഡ് അവാര്‍ഡ് പ്രശസ്ത നൃത്ത അധ്യാപികമാരായ പ്രസീത മനോജ് , ഷെല്ന വിജയ് എന്നിവര്‍ക്കും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ.എം. സജിത്തിനും സമ്മാനിച്ചു. സുവനീര്‍ പുറത്തിറക്കാന്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കിയ ഒ.ബി. നാസര്‍, സാം സക്കറിയ പുനലൂര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

സാംസ്കാരിക സമ്മേളനത്തിനുശേഷം ഹൃദ്യമായ കലാവിരുന്നും അരങ്ങേറി. കൊല്ലത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതിയ തീം അവതരണം, അവതരണ ഗാനം, നൃത്ത നൃത്ത്യങ്ങള്‍, സംഗീത പരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവ കോര്‍ത്തിണക്കിയ കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത് ലീന കലാം, അനീസ ബൈജു, ഷാനി ഷാനവാസ്, ഷിജി രാജീവ്, സനൂജ മുജീബ്, സല്‍മ ഹാഷിമ്ജി, സുരഭി അനില്‍കുമാര്‍, നാദിയ കലാം, ദേവി പ്രിയദര്‍ശിനി, അക്മല ബൈജു, ഷാനവാസ് കൊല്ലം, സലിം പന്മന, പ്രസീത മനോജ്, ഷെല്ന വിജയ് എന്നിവരാണ്. മസൂദ് തങ്ങള്‍ നേതൃത്വത്തില്‍ നടന്ന മെഹഫില്‍ രാവോടെയാണ് പരിപാടിക്ക് തിരശീല വീണത്. അല്‍ട്ടിമ ഇലക്ട്രോണിക്സ് സ്പോണ്‍സര്‍ ചെയ്ത പതിനഞ്ചോളം സമ്മാനങ്ങള്‍ക്കുള്ള ലക്കി ഡ്രോയും നടന്നു,

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജാഫറലി പാലക്കോട്, മായിന്‍കുട്ടി എന്നിവരെ കൂടാതെ ഭാരവാഹികളായ മുഹമ്മദ് ബൈജു, അബ്ദുല്‍ കലാം മഞ്ഞപ്പാറ, ലുലു സൈനി, വിജാസ് ചിതറ, കിദ്രോഫ്, തോമസ് വൈദ്യന്‍, അനില്‍കുമാര്‍ വെളിയം, ഷാനവാസ് കൊല്ലം, സോമരാജന്‍ പിള്ള എന്നിവരും സംസാരിച്ചു. മുജീബ് പുലിയിലയുടെ നേതൃത്വത്തില്‍ ഇവന്റ് മാനേജ്മെന്റ് ടീമംഗങ്ങള്‍ ദൃശ്യരംഗ കലാ സജ്ജീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍