പുകവലി പ്രായം 18 ല്‍നിന്ന് 21 ആക്കി ഉയര്‍ത്തിയ ബില്ലില്‍ കലിഫോര്‍ണിയ ഗവര്‍ണര്‍ ഒപ്പുവച്ചു
Thursday, May 5, 2016 6:21 AM IST
കലിഫോര്‍ണിയ: സംസ്ഥാനത്തെ പുകവലി പ്രായം 18ല്‍നിന്ന് 21 ആക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ജറി ബ്രൌണ്‍ ഒപ്പുവച്ചു. മേയ് നാലിന് ഒപ്പുവച്ച ബില്ലില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രാദേശിക തലത്തില്‍ പിരിച്ചെടുക്കുന്ന നികുതി പണം ചെലവഴിക്കുന്നതിനായി കൌണ്ടികള്‍ക്ക് അനുമതി നല്‍കുന്നതിനു തയാറാക്കിയ ബില്‍ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഈ ബില്‍ വോട്ടര്‍ന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതായിരുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുകയില നികുതി ഏറ്റവും കുറവ് ഈടാക്കുന്ന സംസ്ഥാനമാണു കലിഫോര്‍ണിയ. വന്‍കിട പുകയില വ്യാപാരികള്‍ ഗവര്‍ണറുടെ വീറ്റോ നടപടിക്കെതിരേ രംഗത്തെത്തി. വോട്ടെടുപ്പിലൂടെ ഗവര്‍ണറുടെ വീറ്റോ റദ്ദാക്കാനാകുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

പുകവലി പ്രായം ഉയര്‍ത്തിയതും ഇ-സിഗററ്റ് ഉപയോഗം നിയന്ത്രിക്കുന്നതും ഹെല്‍ത്ത് കെയര്‍ പ്രത്യേക സെഷനില്‍ അംഗീകരിച്ചു. ജൂണ്‍ ഒമ്പതു മുതല്‍ നിയമം നടപ്പാക്കും.

വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ചതില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, അമേരിക്കന്‍ ലംഗ് അസോസിയേഷന്‍, കാന്‍സര്‍ സൊസൈറ്റി, കലിഫോര്‍ണിയ മെഡിക്കല്‍ അസോസിയേഷന്‍ എന്നീ സംഘടനാ ഭാരവാഹികള്‍ ഗവര്‍ണരെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍