നീല ബാനര്‍ജിക്ക് ഒബാമയുടെ അംഗീകാരം
Wednesday, May 4, 2016 5:51 AM IST
വാഷിംഗ്ടണ്‍ ഡിസി: വേള്‍ഡ് പ്രസ് ഫ്രീഡം ഡെയില്‍ ഇന്ത്യന്‍ വംശജയും ക്ളൈമറ്റ് ന്യൂസ് റൈറ്ററുമായ നീല ബാനര്‍ജിയെ എഡ്ഗര്‍ എ പൊ അവാര്‍ഡ് നല്‍കി പ്രസിഡന്റ് ഒബാമ ആദരിച്ചു.

മേയ് രണ്ടിനു വൈറ്റ് ഹൌസില്‍ പത്ര പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ വാര്‍ഷിക വിരുന്നിനിടയിലാണ് ഒബാമയും മിഷേല്‍ ഒബാമയും ചേര്‍ന്ന് വൈറ്റ് ഹൌസ് കറസ്പോണ്ടന്‍സ് അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡ് ബാനര്‍ജിക്കു സമ്മാനിച്ചത്.

വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാനര്‍ജി, ഇന്‍സൈഡ് ക്ളൈമറ്റ് ന്യൂസില്‍ ചേരുന്നതിനു മുമ്പ് ലോസ്ആഞ്ചലസ് ടൈംസ് വാഷിംഗ്ടണ്‍ ബ്യൂറോയില്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിപ്പോര്‍ട്ടറായിരുന്നു.

യെല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദ മെടുത്ത ബാനര്‍ജി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മോസ്കോ കറസ്പോണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക പത്ര സ്വാതന്ത്യ്രദിനമായി മേയ് മൂന്നിനാണ് ആഗോളതലത്തില്‍ ആഘോഷിക്കുന്നത്.

അമേരിക്കയില്‍ വേള്‍ഡ് പ്രസ് ഫ്രീഡം ഡേയായി ആഘോഷിക്കുന്നത് നവംബര്‍ ഒമ്പതിനാണ്. 2001 ലാണ് പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷ് യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറല്‍ ഒബ്സെര്‍വന്‍സ് ഡേയായി പ്രഖ്യാപിച്ചത്.

1993 ഡിസംബറില്‍ യുഎന്‍ ജനറല്‍ അസംബ്ളി വേള്‍ഡ് പ്രസ് ഫ്രീഡം ഡേയായി പ്രഖ്യാപിക്കുകയും മേയ് മൂന്നിനു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍