സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ച ഇന്ത്യക്കാരനു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്
Wednesday, May 4, 2016 5:51 AM IST
ലോകത്തിലെ ഏറ്റവും വില കൂടിയ സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ച മഹാരാഷ്ട്രക്കാരന്‍ ഫരീക്കിന് (47) മേയ് മൂന്നിനു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ ജിഡബ്ള്യുആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമത്തിലേക്ക് വേള്‍ഡ് റിക്കാര്‍ഡ് എത്തിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. നാസിക് ജില്ലയിലെ യോള ടൌണ്‍ ഡെപ്യൂട്ടി മേയറും വസ്ത്ര നിര്‍മാണ വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ ഫരീക്ക് പറഞ്ഞു.

1.30 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ ഷര്‍ട്ടിന്റെ തൂക്കം 4.10 കിലോ ഗ്രാമാണ്.

ഗോള്‍ഡ് ഷര്‍ട്ട് കൂടാതെ ഗോള്‍ഡ് വാച്ച്, ഗോള്‍ഡ് ചെയിന്‍, ഗോള്‍ഡ് റിംഗ്സ്, ഗോള്‍ഡ് മൊബൈല്‍ കവര്‍, ഗോള്‍ഡ് ഫ്രെയിം കണ്ണട തുടങ്ങിയ വസ്തുക്കളുടെ ആകെ ഭാരം 22 പൌണ്ട് സ്വര്‍ണമാണ്.

നാല്പത്തിഅഞ്ചാം ജന്മദിനം പ്രമാണിച്ചു ബഫ്നാ ജ്വല്ലേഴ്സ് ഡിസൈന്‍ ചെയ്തു ശാന്തി ജ്വല്ലേഴ്സിന് ഈ ഗോള്‍ഡ് ഷര്‍ട്ട് നിര്‍മിച്ചത്.

20 ജീവനക്കാര്‍ രണ്ടു മാസം (3,200) മണിക്കൂര്‍ കൊണ്ടാണ് 22 കാരറ്റിലുളള ഷര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗോള്‍ഡ് ഷര്‍ട്ട് ധരിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഉരസല്‍ ഒഴിവാക്കുന്നതിന് അകത്ത് ലൈനിംഗ് വച്ച് പിടിപ്പിച്ചിട്ടുണ്ട്. വാഷ് ചെയ്താല്‍ പോലും ഒരു കേടും സംഭവിക്കുകയില്ല.

മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ദാരിദ്യ്രം അനുഭവിച്ചറിഞ്ഞു സ്കൂള്‍ വിദ്യാഭ്യാസം പോലും തുടരാനാകാതെ ഉപേക്ഷിക്കേണ്ടി വന്ന ഫരീക്ക്. 1982 ല്‍ ആരംഭിച്ച ചെറിയൊരു വ്യവസായമാണ് തന്നെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്ന് പറയുന്നു. ഭാര്യ പ്രതിഭയും മക്കളായ സിദ്ധാര്‍ഥ് (24), രാഹൂല്‍ (21) എന്നിവരും ഉള്‍പ്പെടുന്നതാണ് ഫരീക്കിന്റെ കുടുംബം.

സമ്പന്നനാണെങ്കിലും വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ മറക്കാതെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ ഫരീക്ക് ശ്രദ്ധേയനാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍