ഷിക്കാഗോ സോഷ്യല്‍ ക്ളബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക്
Monday, April 25, 2016 4:35 AM IST
ഷിക്കാഗോ: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ഷിക്കാഗോ സോഷ്യല്‍ ക്ളബ് ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന 'സ്നേഹമന്ദിര'ത്തിലേക്ക്. ബ്രദര്‍ വി.സി. രാജു ഏതാണ്ട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ കാരുണ്യാലയം 'സ്നേഹമന്ദിരം' എന്ന പേരില്‍ അനാഥരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, മാനസീകരോഗികളുമായ ഏതാണ്ട് 325 അന്തേവാസികള്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ കഴിയുന്നുണ്ട്. ഈ സ്നേഹമന്ദിരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സോഷ്യല്‍ ക്ളബും പങ്കുചേരുന്നു.

ഹൃസ്വ സന്ദര്‍ശത്തിന് ഷിക്കാഗോയില്‍ എത്തിയ ബ്ര. വി.സി രാജുവിനെ ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും, പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കുകയും ചെയ്തു.

സ്നേഹമന്ദിരത്തിന്റെ പുതിയ പ്രൊജക്ടായ അനാഥര്‍ക്കായുള്ള കെട്ടിടം പണിയുന്നതിനുവേണ്ട ധനസഹായം എക്സിക്യൂട്ടീവിന്റേയും, മുന്‍ പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവന്റേയും നേതൃത്വത്തില്‍ ക്ളബ് മെമ്പര്‍മാരില്‍ നിന്നും സമാഹരിച്ച 3000 ഡോളറിന്റെ ചെക്ക് സ്നേഹമന്ദിരത്തിന്റെ ഡയറക്ടര്‍ ബ്ര. വി.സി രാജുവിന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി കൈമാറി.

വൈസ് പ്രസിഡന്റ് സിബി കദളിമറ്റം സ്വാഗതവും, സെക്രട്ടറി ജോയി നെല്ലാമറ്റം നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം