ലോക പുസ്തക ദിനം: മീഡിയ പ്ളസ് ചര്‍ച്ച സംഘടിപ്പിച്ചു
Monday, April 25, 2016 12:53 AM IST
ദോഹ: വായന സംസ്കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ളവകരമായ പുരോഗതിയെ തുടര്‍ന്നു ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്െടങ്കിലും വായനയെ മലയാളിക്ക് മാറ്റിനിര്‍ത്താനാവുകയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പുസ്തക വായനയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സര്‍ഗാത്മകവുമായി തുടരുകയാണ്.

മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചക്ക് വായന അനുപേക്ഷ്യമാണെന്നും ഇളംതലമുറയെ വായനയുടെ മനോഹരതീരങ്ങളിലൂടെ കൈപിടിച്ചുകൊണ്ടുപോകുവാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രബുദ്ധരായ സമൂഹവും ശ്രദ്ധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉദ്ബോധിപ്പിച്ചു. മാനവ സൌഹൃദവും നന്മയും പരസ്പരം പങ്കുവയ്ക്കുവാനും ഊഷ്മളമായ ബന്ധങ്ങള്‍ നിലനിര്‍ത്തുവാനും വായന സഹായിക്കുമെന്നത് അനിഷേധ്യമാണ്. അതുകൊണ്ട് തന്നെ എഴുത്തുകാര്‍ക്ക് സമൂഹത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നത് ചരിത്രബോധ്യമാണ്.

ഇന്ത്യയില്‍ അസഹിഷ്ണുതാവിവാദ സമയത്ത് പല എഴുത്തുകാരും തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചതുപോലും കലാകാരന്റെ സര്‍ഗാതമക പ്രതികരണമാണ്. ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്രപ്രഭയുള്ള കാലവും ഉള്‍ക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓര്‍മകളാണ്. അക്ഷരമെന്നാല്‍ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടതെന്ന് പ്രസംഗകര്‍ ഓര്‍മിപ്പിച്ചു.

ഡോ. സാബു, ഡോ. വണ്ടൂര്‍ അബൂബക്കര്‍, പി. ഉണ്ണികൃഷ്ണന്‍, ഷീല ടോമി, കെ. മാധവിക്കുട്ടി, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, ഹബീസി, ഹുസൈന്‍ കടന്നമണ്ണ, എം.ടി. നിലമ്പൂര്‍, ആര്‍.ജെ. സൂരജ്, ഫാസില്‍ ഷാജഹാന്‍, സഹീര്‍ റഹ്മാന്‍, സിന്ധു രാമചന്ദ്രന്‍, മഹ്മൂദ് മാട്ടൂല്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് മേച്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.