ഹൂസ്റണ്‍ വെള്ളപ്പൊക്കം: മരിച്ച ആറുപേരില്‍ എന്‍ജിനീയര്‍ സുനിതാ സിംഗും
Wednesday, April 20, 2016 5:06 AM IST
ഹൂസ്റണ്‍: കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും ഹൂസ്റണില്‍ തകര്‍ത്തുപെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ സീനിയര്‍ എന്‍ജിനീയറും, ബെച്ചല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി ഉദ്യോഗസ്ഥയുമായ സുനിതാ സിംഗും (47) ഉള്‍പ്പെടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റോയല്‍ ഐഎസ്ഡി അധ്യാപകനായ അമ്പത്താറുകാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച രാവിലെ 6.30-നു ജോലിക്കു കാറില്‍ പുറപ്പെട്ടതായിരുന്നു സുനിത. 601 ഹൈവെയില്‍ വെള്ളംകയറി വാഹനഗതാഗതം തടസപ്പെട്ടതിനാല്‍ സര്‍വീസ് റോഡിലൂടെ വാഹനം തിരിച്ചുവിട്ടു. വഴിയില്‍ പെട്ടെന്നു വെള്ളംകയറുകയും, രക്ഷപെടാനാവാത്ത വിധം കാറിലിരുന്നു മരിക്കുകയുമായിരുന്നു. കാറില്‍ വെള്ളംകയറുന്നതുകണ്ട് ഭര്‍ത്താവ് രാജീവ് സിംഗിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നില്ലെന്നു രാജീവ് പറഞ്ഞു. ഇവര്‍ക്ക് 15 വയസുള്ള ഒരു പുത്രനുണ്ട്.

ഹൂസ്റന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മരിച്ചവരില്‍ മറ്റൊരു ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍