കലാമേള 2016: അന്‍സല്‍ മുല്ലപ്പള്ളി കലാപ്രതിഭ, എമ്മ കാട്ടൂക്കാരന്‍ കലാതിലകം
Tuesday, April 12, 2016 5:06 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ കലാമേള 2016-ല്‍ കലാപ്രതിഭയായി അന്‍സല്‍ മുല്ലപ്പള്ളിയും, കലാതിലകമായി എമ്മ കാട്ടൂക്കാരനും തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി മൂന്നാമതു തവണയാണ് അന്‍സല്‍ മുല്ലപ്പള്ളി കലാപ്രതിഭയാകുന്നത്. ഷിക്കാഗോയിലെ പ്രമുഖ റില്‍ട്ടര്‍ ആയ അലക്സ് മുല്ലപ്പള്ളിയുടേയും, ലിസി മുല്ലപ്പള്ളിയുടേയും പുത്രനാണ് അന്‍സല്‍. കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട എമ്മ കാട്ടൂക്കാരന്‍, സന്തോഷ് കാട്ടൂക്കാരന്റേയും, ലിനറ്റ് കാട്ടൂക്കാരന്റേയും പുത്രിയാണ്. പീറ്റര്‍ വടക്കുംചേരിയും, ജെസീക്കാ സജിയും റൈസിംഗ് സ്റാര്‍സ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും കലപ്രതിഭയേയും കലാതിലകത്തേയും അഭിനന്ദിക്കുകയും ഇവരുടെ വിജയം ഷിക്കാഗോയിലെ മറ്റു കുട്ടികള്‍ക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

1972-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേളകളിലൂടെ കഴിവ് തെളിയിച്ച പലരും ഇന്ന് സമൂഹത്തിന്റെ സാംസ്കാരിക-കലാ മേഖലകളില്‍ പ്രശോഭിക്കുന്നുവെന്നത് നമുക്ക് അഭിമാനിക്കാം എന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഷിക്കാഗോയിലെ മുഴുവന്‍ മലയാളി സമൂഹത്തേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ എന്ന ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന സ്വപ്നത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഏപ്രില്‍ 22-നു നടത്തുന്ന 'വൈശാഖസന്ധ്യ 2016' എന്ന സ്റേജ്ഷോ വിജയിപ്പിക്കാനും, മലയാളി അസോസിയേഷനെ പ്രോത്സാഹിപ്പിക്കാനും എല്ലാവരും തയാറാകണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം