'പ്രണാം സംഗീതനിശ 2016' വന്‍വിജയം
Monday, April 11, 2016 8:15 AM IST
ട്രൈസ്റേറ്റ്: അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കലാകാരന്മാരെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ പ്രണാം സംഗീതനിശ 2016 വന്‍വിജയമായി. ട്രൈസ്റേറ്റ് ഏരിയയില്‍ നിന്നു നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഈ സംഗീതമാമാങ്കത്തില്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ മാറിമാറി ഉള്‍പ്പെടുത്തി നൂതനമായ പരീക്ഷണങ്ങള്‍ നടത്തിയ സംഗീതമേള പ്രശസ്ത ഗായകരുടെ സ്വരമാധുരിയില്‍ വൈവിധ്യമായ ഒരു അനുഭമായി മാറി.

പ്രശസ്ത ഗായകരായ ജോഷി ജോസ്, തഹ്സീന്‍, ജെംസണ്‍ കുര്യാക്കോസ്, സോഫിയ മണലില്‍, ആന്റണി ചേലക്കാട്ട്, ടിന്റു മാത്യു, ദിവ്യാ ഫിലിപ്പ്, ആല്‍ബര്‍ട്ട് ദാനിയേല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിജു ജേക്കബ്, വയലിന്‍ ജോര്‍ജ്, കലാഭവന്‍ ഉമേഷ്, റോണി കുര്യന്‍, സാലു ജോര്‍ജ് എന്നിവരുടെ വൃന്ദ-വാദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതുമയായി.

ഏപ്രില്‍ രണ്ടിനു ടീനെക്കിലെ ടെമ്പിള്‍ എമത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതവിരുന്ന് ഗാനരചയിതാവും ഗായകനും പ്രഭാഷകനുമായ ഫാ. ജോണ്‍ പിച്ചാപ്പള്ളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നും ഇത്തരം വൈവിധ്യമാര്‍ന്ന ഗാനങ്ങളും പരിപാടികളും നടത്താന്‍ പ്രണാം മള്‍ട്ടി മീഡിയയിലൂടെ സാധ്യമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. ജോണ്‍ പിച്ചാപ്പള്ളില്‍ ആശംസിച്ചു. സ്നേഹാഞ്ജലി എന്ന ഹിറ്റ് ക്രിസ്തീയ ആല്‍ബത്തിന്റെ നിര്‍മാതാവും സംഗീതനിശയുടെ കോഓര്‍ഡിനേറ്ററുമായ വിനു ചാക്കോ, ഫാ. സണ്ണി മാത്യു, കലാവേദി ചെയര്‍മാന്‍ സിബി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം