ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കണ്‍വന്‍ഷനു കൊടി ഉയരുന്നു
Friday, April 8, 2016 6:05 AM IST
ഫിലഡല്‍ഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കണ്‍വന്‍ഷനു ഫിലഡല്‍ഫിയയില്‍ കൊടി ഉയരുന്നു. ഏപ്രില്‍ ഒമ്പതിനു വൈകുന്നേരം നാലിനു ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അറ്റ്ലാന്റിക് റീജണല്‍ കണ്‍വന്‍ഷന്റെയും അതോടനുബന്ധിച്ചു നടക്കുന്ന ഫോമ ഫ്ളോറിഡ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് പരിപാടിയുടെയും വിജയത്തിനായി ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ, കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, കേരള സമാജം ഓഫ് ന്യൂജേഴ്സി, സൌത്ത് ജേഴ്സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്സ്, ഡെലവയര്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, സെക്രട്ടറി ജോര്‍ജ് എം. മാത്യു എന്നിവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

ഒഎന്‍വി നഗറില്‍ 2016-18 കാലയളവിലെ നേതൃത്വനിരയിലേക്കു മത്സരിച്ച് ഫോമയെ നയിക്കുവാന്‍ തയാറെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് എന്ന പരിപാടിയോടുകൂടി കണ്‍വന്‍ഷന്‍ ആരംഭിക്കും. തുടര്‍ന്നു ഒഎന്‍വി അനുസ്മരണ സമ്മേളനം ഫോമ ഫ്ളോറിഡ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ്, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനുവേണ്ടി ഫോമ നിര്‍മിക്കുന്ന ബില്‍ഡിംഗ് ഫണ്ട് ധന ശേഖരണാര്‍ഥം മിഡ് അറ്റ്ലാന്റിക് റീജണ്‍ സംഘടിപ്പിക്കുന്ന റാഫിളിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

ഫോമ ജുഡിഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പോള്‍ കെ. മത്തായി സ്പോണ്‍സര്‍ ചെയ്യുന്ന റാഫിള്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി ബിനു ജോസഫ് പ്രവര്‍ത്തിക്കുന്നു.

ആര്‍സിസി ഫണ്ട് റൈസിംഗ് ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് ആഹ്വാനം ചെയ്തു. വിവിധ കലാ പരിപാടികളോടും ഡിന്നറോടും കൂടെ കണ്‍വന്‍ഷന്‍ സമാപിക്കും.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള