ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനു പിന്തുണയുമായി റൂഡി ഗിലാനി
Friday, April 8, 2016 6:04 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഏപ്രില്‍ 19നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു വോട്ട് നല്‍കുമെന്ന ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗിലാനിയുടെ വക്താവ് ജെയ്ക്ക് മെന്‍ഞ്ചസ് അറിയിച്ചു.

ചൊവ്വാഴ്ച വിസ്കോണ്‍സില്‍ നടന്ന പ്രൈമറിയില്‍ ട്രംപിന്റെ മുഖ്യ എതിരാളി ടെഡ് ക്രൂസ് വന്‍ വിജയമാണ് നേടിയത്. പരാജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ട്രംപിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഒരു തിരിച്ചടിയായി ക്രൂസിന്റെ വിജയം.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഉശിരന്‍ പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഡൊണാള്‍ഡ് ട്രംപിനു കഴിയുന്നില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പുറത്താകുമെന്ന് ഉറപ്പാണ്. ട്വിന്‍ ടവര്‍ ആക്രമണം നടന്നപ്പോള്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന റൂഡിയുടെ സന്ദര്‍ഭോചിതമായ നടപടികള്‍ വളരെ പ്രശംസിക്കപ്പെട്ടിരുന്നു. ജനങ്ങള്‍ വളരെയധികം ബഹുമാനിച്ചിരുന്ന റൂഡി 2008 ലെ റിപ്പബ്ളിക്കന്‍ നോമിനേഷനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

ട്രംപിന്റെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന റൂഡിയുടെ ഈ പ്രഖ്യാപനം ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസിനു കനത്ത പ്രഹരമായി. ന്യൂയോര്‍ക്കില്‍ വിജയിച്ചാലും നോമിനേഷനാവ്യമായി ഡെലിഗേറ്റുകളെ ട്രംപിനു ലഭിക്കുന്നതിനുള്ള സാധ്യത വിരളമാണ്. 95 ഡെലിഗേറ്റുകളാണു ന്യൂയോര്‍ക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുള്ളത്. 1237 ഡെലിഗേറ്റുകളാണു നോമിനേഷന്‍ ലഭിക്കുന്നതിന് ആവശ്യമെങ്കില്‍ ഇതുവരെ ട്രംപിന് 743 പേരുടെ പിന്തുണ മാത്രമാണു ലഭിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍