കാരുണ്യത്തിന്റെ ചങ്ങലയില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ
Wednesday, April 6, 2016 8:11 AM IST
മയാമി: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ശിശുരോഗ കാന്‍സര്‍ ചികിത്സ വിഭാഗത്തിനായുള്ള കെട്ടിടനിര്‍മാണം ഏറ്റെടുത്ത ഫോമ അതിനായി ധനസമാഹരണം നടത്തുന്നു.

ഇതിന്റെ ഭാഗമായി മയാമിയിലെ സംഗമം തീയറ്റേഴ്സിന്റെ 'ഫെയ്സ് ബുക്കില്‍ കണ്ട മുഖം' എന്ന സാമൂഹ്യ സംഗീത നാടകം ഏപ്രില്‍ ഒമ്പതിനു (ശനി) വൈകുന്നേരം ആറിന് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി.

ഫോമയുടെ ഈ സംരംഭത്തില്‍ സംഘടനകളും സൌത്ത് ഫ്ളോറിഡയിലെ പള്ളികളും വിവിധ സഭാ സമൂഹവും മുമ്പോട്ടു വന്നത് അപൂര്‍വ സംഗമമായി. കാരുണ്യത്തിന്റെ സ്നേഹ ചങ്ങലയില്‍ കൈകോര്‍ക്കാന്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ മുന്നിലെത്തിയത് മറ്റു സംഘടനകള്‍ക്കു മാതൃകയായി.

ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനു ഇന്ത്യ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ പ്രസിഡന്റ് അലീഷ കുറ്റ്യാനി സ്പോണ്‍സര്‍ഷിപ്പിന്റെ ചെക്ക് കൈമാറി. ചടങ്ങില്‍ ഫോമ ട്രഷറര്‍ ജോയി ആന്റണി, മയാമി ചാരിറ്റി ഇവന്റിന്റെ ചെയര്‍പേഴ്സണ്‍ സാമുവല്‍ തോമസ്, ഫാ. ജോര്‍ജ് ജോണ്‍, സുഭദ്ര നിരവേല്‍, സാജു വടക്കേല്‍, ജോസ് പാനികുളങ്ങര, സജി സക്കറിയാസ്, സഞ്ചു എബി ആനന്ദ്, ഷീല ജോസ്, ബിജു ഗോവിന്ദന്‍ കുട്ടി, കേരള സമാജം നിയുക്ത പ്രസിഡന്റ് സാജന്‍ മാത്യു, നവകേരള പ്രസിഡന്റ് ജയിംസ് ദേവസ്യ, കേരള അസോസിയേഷന്‍ പാംബീച്ച് പ്രസിഡന്റ് ബിജു തോണിക്കടവില്‍, ലൂക്കോസ് പൈനുങ്കന്‍, രാജു, ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്