യോഗാ ക്ളാസില്‍ നമസ്തേ പറയുന്നതിനു നിരോധനം
Wednesday, April 6, 2016 5:04 AM IST
ജോര്‍ജിയ: യോഗാ പരിശീലന ക്ളാസ് ആരംഭിക്കുന്നതിനു മുമ്പ് 'നമസ്തേ' പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ-മെയില്‍ സന്ദേശം അയച്ചു.

ജോര്‍ജിയ ബുളളാര്‍ഡ് എലിമെന്ററി സ്കൂളിലെ മാതാപിതാക്കളാണു ഈ ആവശ്യം ഉന്നയിച്ചു പ്രിന്‍സിപ്പലിിന് കത്തയച്ചത്. ക്രൈസ്തവേതര വിശ്വാസം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. കൈകള്‍ കൂപ്പി പിടിച്ച് നമസ്തേ പറയുന്നത് യോഗാ ക്ളാസില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്നതാണ്.

മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് അമേരിക്കയിലെ വിവിധ സ്കൂളുകളില്‍ യോഗ പരിശീലന ക്ളാസുകള്‍ ആരംഭിച്ചിരുന്നത്. യുഎസിലെ ചില സ്കൂളുകളില്‍ യോഗ ഇലക്ടീവ് കോഴ്സായി അംഗീകരിച്ചിട്ടുണ്ട്.

2013ല്‍ കലിഫോര്‍ണിയ സംസ്ഥാനത്തെ സ്കൂളിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. ഹിന്ദുയിസം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് അന്നു മാതാപിതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇവരുടെ ആവശ്യം തളളുകയും, വെല്‍നസ് പ്രോഗ്രാമിന്റെ ഭാഗമായാണു യോഗ പരിശീലന ക്ളാസുകള്‍ സംഘടിപ്പിച്ചിരുന്നതെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതു ചില ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ പ്രവണത വളര്‍ന്നുവരുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍