ഫോമാ മയാമി കണ്‍വന്‍ഷന്‍ ചരിത്രം കുറിക്കും; കാന്‍സര്‍ പ്രോജക്ട് ഈ മാസം പൂര്‍ണമാകും
Tuesday, April 5, 2016 5:12 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംഘടനാചരിത്രത്തില്‍ നാഴികക്കല്ലായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഈ മാസം ശുഭാന്ത്യം കുറിക്കുമ്പോള്‍ ഫോമാ നേതൃത്വത്തിന്റെ പൂര്‍ണ ശ്രദ്ധ മയാമി കണ്‍വന്‍ഷനിലേക്ക്.

പ്രസിഡന്റ് ആനന്ദന്‍ നിരവേലിനും സെക്രട്ടറി ഷാജി എഡ്വേര്‍ഡിനും മറ്റു ഭാരവാഹികള്‍ക്കും ഒന്നര വര്‍ഷം മുമ്പ് സ്ഥാനമേല്‍ക്കുമ്പോള്‍ എന്തൊക്കെ വിഭാവനം ചെയ്തോ, അതൊക്കെ ഒന്നൊന്നായി സാക്ഷാത്കരിക്കുന്നതിന്റെ ചാരിതാര്‍ഥ്യം. കേട്ടറിഞ്ഞ് സ്പോണ്‍സര്‍ഷിപ്പുമായി കൂടുതല്‍ സ്ഥാപനങ്ങള്‍ രംഗത്തു വന്നതോടെ മയാമി കണ്‍വന്‍ഷന്‍ പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വിജയം നേടുമെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യാ പ്രസ്ക്ളബിന്റെ സഹകരണത്തില്‍ സിത്താര്‍ പാലസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഫോമയ്ക്ക് തിലകക്കുറിയായി മാറിയ കാന്‍സര്‍ പ്രൊജക്ടിനു ഇതിനകം 77000 ഡോളര്‍ സമാഹരിച്ചതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ബാക്കി തുക ഉടന്‍ സമാഹരിച്ച് ഈമാസം 25നു അക്കൌണ്ട് ക്ളോസ് ചെയ്യും.

ജൂലൈ ഏഴിനു മയാമി ബീച്ചിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ഡുവല്‍ റിസോര്‍ട്ടില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ പുതുമകളാല്‍ സമ്പന്നമായിരിക്കും. 102ല്‍ കൂടുതല്‍ പേര്‍ ഇതിനോടകം ഹോട്ടല്‍ ബുക്ക് ചെയ്തു കഴിഞ്ഞു. 300 മുറികളാണ്ു നീക്കിവച്ചിരിക്കുന്നത്. അതു കഴിഞ്ഞാല്‍ നിരക്കുകൂടും. എന്തായാലും ജൂണ്‍ ഒന്നിനു രജിസ്ട്രേഷന്‍ ക്ളോസ് ചെയ്യും.

നാലംഗ കുടുംബത്തിന് ദിന രാത്രം താമസം, ബ്രേക്ക് ഫാസ്റ്, രണ്ട് ഡിന്നര്‍ ബാങ്ക്വറ്റ് എന്നിവയ്ക്ക് 1399 ഡോളര്‍ എന്നത് മുന്‍ കണ്‍വന്‍ഷനേക്കാള്‍ നൂറു ഡോളര്‍ കുറവാണ്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ നാല്‍പ്പതു ശതമാനം യുവജനതയായിരിക്കും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് യുവജന പരിപാടികള്‍ ഏറെയുണ്ടാകും. 36 യുവതീയുവാക്കള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷിംഗാരി ഗ്രൂപ്പ് ഡാന്‍സ് പോലെ 'പവര്‍ പായ്ക്ഡ്' ആയ ഒരു ഷോ പലരും മുമ്പ് കണ്ടിട്ടുണ്ടാവില്ല. അതു കണ്ടില്ലെങ്കില്‍ നഷ്ടം തന്നെ. ബീച്ച് വോളി, ഐസ് ബ്രേക്കര്‍ പ്രോഗ്രാം, പ്രത്യേക ബാങ്ക്വറ്റ് എന്നിവയൊക്കെ യുവജനതയ്ക്കായുണ്ട്. ജൂലൈ ഒമ്പതിനു രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ നടക്കുന്ന വള്ളംകളി സംഘടിപ്പിച്ചിരിക്കുന്നത് മയാമി ബോട്ട് ക്ളബാണ്. എല്ലാം പ്രഫഷണലായി മാത്രമാണ് അരങ്ങേറുക.

കണ്‍വന്‍ഷന്റെ ആദ്യദിനം അംഗസംഘടനകളുടെ പരിപാടികളാണ്. രണ്ടാംദിനം ഷിംഗാരി ഗ്രൂപ്പ് ഡാന്‍സ്. ചിരിയരങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യമുണ്ടാകും. മൂന്നു ദിവസവും സുരാജ് സമ്മേളനത്തില്‍ പങ്കെടുക്കും. ബാങ്ക്വറ്റില്‍ വിജയ് യേശുദാസിന്റെ ഗാനമേള നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.

ഫോമയുടെ മുഖമുദ്രയായ കാന്‍സര്‍ പ്രൊജക്ടിന്റെ ശില്‍പി പിആര്‍ഒ ജോസ് ഏബ്രഹാമാണ്. അദ്ദേഹത്തിന് ആനന്ദന്‍ നന്ദി പറയുകയും ചെയ്തു.

ഫോമയുടെ യംഗ് പ്രഫഷണല്‍ സമ്മിറ്റ് ഏറെ വിജയം നേടിയ പരിപാടിയാണ്. ജിബി തോമസ് ആണ് അതിന്റെ ഉപജ്ഞാതാവ്. ഈവര്‍ഷം ഡിട്രോയിറ്റില്‍ നടന്ന സമ്മിറ്റ് കനത്ത മഞ്ഞുവീഴ്ച മൂലം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

പ്രദീപ് നായര്‍, ലാലി കളപ്പുരയ്ക്കല്‍, കുര്യന്‍ ടി. ഉമ്മന്‍, റെജി ജോര്‍ജ്, ഫിലിപ്പ് ചെറിയാന്‍, ജോണ്‍ സി വര്‍ഗീസ് (സലിം), ജിബി തോമസ്, ബെഞ്ചമിന്‍ ജോര്‍ജ്, ജോണ്‍ വര്‍ഗീസ്, സഞ്ജു കുറുപ്പ്, ബൈജു, തോമസ് മാത്യു, മാത്യു സി. തോമസ്, റോഷിന്‍ മാമ്മന്‍, അനിയന്‍ മൂലയില്‍, വര്‍ഗീസ് ജോസഫ്, ചാക്കോ കോയിക്കലേത്ത്, നിഷാ പിള്ള, ഗോപിനാഥ കുറുപ്പ്, മിത്രാസ് രാജന്‍, ഷിറാസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണകിഷോര്‍, സെക്രട്ടറി സണ്ണി പൌലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍ ടാജ് മാത്യു, സുനില്‍ ട്രെെസ്റാര്‍, സജി ഏബ്രഹാം, പ്രിന്‍സ് മാര്‍ക്കോസ്, ജോര്‍ജ് ജോസഫ്, ജോസ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പ്രിന്‍സ് മാര്‍ക്കോസ്