റവ. ഡീക്കന്‍ കുര്യാക്കോസ് ശെമ്മാശപട്ടത്വം സ്വീകരിച്ചു
Monday, April 4, 2016 3:31 AM IST
ന്യൂജേഴ്സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയ അംഗവും, ജോര്‍ജ് എബ്രഹാമിന്റേയും, പരേതയായ സൂസന്‍ എബ്രഹാമിന്റേയും മകനുമായ അലക്സ് ഏബ്രഹാം, ഇടവകപള്ളിയില്‍ വച്ചു റവ. ഡീക്കന്‍ കുര്യാക്കോസ് എന്ന പേരില്‍ ശെമ്മാച്ചപട്ടത്വം സ്വീകരിച്ചു.

അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ നിക്കോളോവോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. തിരുമേനി, റവ. ഡീക്കന്‍ കുര്യാക്കോസിന് ആശംസകള്‍ നേരുകയും, ശുശ്രൂഷയില്‍ ശ്രദ്ധ ഊന്നി, പതറാതെ, വിശ്വാസത്തെ മുറുകേപിടിച്ച് ദൈവസ്നേഹംപകര്‍ന്നു നല്‍കി മുന്നേറാന്‍ ദൈവകൃപ എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ എന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അമേരിക്കന്‍ നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തിലെ 15 വൈദികരും, റഷ്യന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് ്വദികരും, നിരവധി വൈദിക വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

ന്യൂജേഴ്സി റൂട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയ റവ. ഡീക്കന്‍ കുര്യാക്കോസ്, സെന്റ് വ്ളാഡിമിര്‍സ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.

ശക്തമായ വിശ്വാസ മുന്നേറ്റമാണ് ഈ ഇടവകയെ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന റവ.ഡീക്കന്‍ കുര്യാക്കോസ്, സഭാവിശ്വാസങ്ങള്‍ക്കനുസരിച്ച്, പട്ടത്വശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെടുന്നത്, സഭക്കും ഇടവകക്കുംഅഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ഇടവക വികാരി ഡോ.സി. സി. മാത്യു അച്ചന്‍, സഹകാര്‍മികന്‍ വിജയ് തോമസ് എന്നിവര്‍ പ്രസ്താവിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഇതുവലിയ പ്രചോദനവും, എല്ലാവര്‍ക്കും ഒരുമാതൃകയുമാണ് റവ. ഡീക്കന്‍ കുര്യാക്കോസ് എന്ന് ദേവാലയ സെക്രട്ടറി സന്തോഷ് തോമസ്, ട്രഷറര്‍ വര്‍ഗീസ് തോമസ് (അജി), പള്ളി മാനേജിങ്ങ് കമ്മിറ്റി എന്നിവര്‍ എടുത്തു പറഞ്ഞു. ന്യൂജേഴ്സിയില്‍ നിന്ന് തോമസ് തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം