എംഎസ്എംഐ സിസ്റേഴ്സിന് എഡിന്‍ബര്‍ഗില്‍ പുതിയ ഭവനം
Saturday, April 2, 2016 5:04 AM IST
എഡിന്‍ബര്‍ഗ്: കുടുംബപ്രേഷിതത്വത്തിലൂന്നിയ വചനപ്രഘോഷണം കാരിസമായ മിഷണറി സിസ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസസമൂഹത്തിന് ടെക്സസിലെ എഡിന്‍ബര്‍ഗില്‍ പുതിയ ഭവനം. പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മം ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഡിവൈന്‍ മേഴ്സി ഇടവക വികാരി ഫാ. വില്‍സണ്‍ കണ്ടങ്കരി, ശാലോം മീഡിയ സ്പിരിച്ച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയ് പാലാട്ടി, ഫാ. അബ്രാഹാം പടിഞ്ഞാറേവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി.

എംഎസ്എംഐ സഭയുടെ സ്ഥാപകപിതാവായ മോണ്‍. സി.ജെ. വര്‍ക്കിയുടെ ജീവിതവിശുദ്ധിയെയും പ്രേഷിത തീഷ്ണതയെയും കുടുംബനവീകരണ സംരംഭങ്ങളെയും അനുസ്മരിച്ച് മാര്‍ അങ്ങാടിയത്ത്, സന്യാസജീവിതത്തിന് തിരുസഭയിലുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. മോണ്‍. വര്‍ക്കിയുടെ ജീവിതമാതൃക എംഎസ്എംഐ സിസ്റേഴ്സ് പിന്തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എംഎസ്എംഐ മേരിമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ ടിന്‍സി മാത്യു സ്വാഗതം ആശംസിച്ചു. ശാലോം മീഡിയ സ്ഥാപക ഡയറക്ടര്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ ഉള്‍പ്പെടെ നിരവധിപേര്‍ സന്നിഹിതരായിരുന്നു. എംഎസ്എംഐ സഭയുടെ ആരംഭം മുതല്‍ വിവിധങ്ങളായ വിധത്തില്‍ സഹായിച്ചവര്‍ക്കും സിസ്റര്‍ ലിസി നന്ദി രേഖപ്പെടുത്തി. അനിറ്റാ ചാക്കോ വട്ടംതൊട്ടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം