റിപ്പബ്ളിക്കന്‍ പാര്‍ട്ടി നോമിനിയെ പിന്തുണയ്ക്കില്ല: ട്രംപ്
Wednesday, March 30, 2016 6:24 AM IST
മില്‍വാക്കി: റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യുന്ന സ്ഥാനാര്‍ഥിയെ യാതൊരു കാരണവശാലും പിന്തുണയ്ക്കുകയില്ലെന്നു ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ട്രംപിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണു ട്രംപ് തന്റെ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചത്.

മാര്‍ച്ച് 29നു മില്‍വാക്കിയില്‍ സിഎന്‍എന്‍ സംഘടിപ്പിച്ച ടൌണ്‍ഹാള്‍ മീറ്റിംഗില്‍ മോഡറേറ്റര്‍ കൂപ്പറുടെ ചോദ്യങ്ങള്‍ക്ക് മറുപടി ആയാണു ട്രംപ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതൃത്വം തന്നോട് അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്നു ട്രംപ് കുറ്റപ്പെടുത്തി. ക്ളീവ്ലാന്റില്‍ നടക്കുന്ന റിപ്പബ്ളിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ ട്രംപിനു നോമിനേഷന്‍ ലഭിക്കുകയാണെങ്കില്‍ പിന്താങ്ങുമോ എന്ന ചോദ്യത്തിനു ട്രെഡ് ക്രൂസ് നിഷേഥാത്മക മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയായ ജോണ്‍ കെയ്സ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി നോമിനേഷനാവശ്യമായ ഡെലിഗേറ്റുകളെ ട്രംപിനു ലഭിക്കുന്നതിനുള്ള സാധ്യത വിരളമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ ട്രംപിനു പകരം മറ്റൊരാളെ കണ്െടത്തുന്നതിനുള്ള സാധ്യത തള്ളികളയാനാകില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍