നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ളി മീറ്റിംഗ് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍
Tuesday, March 29, 2016 5:52 AM IST
ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ളി സമ്മേളനം ഏപ്രില്‍ ഒന്ന്, രണ്ട് (വെള്ളി, ശനി) തീയതികളില്‍ നടക്കും.

ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ദേവാലയത്തില്‍ വെളളി വൈകുന്നേരം 5.30നു ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പായുടെ അധ്യക്ഷതയില്‍ സമ്മേളനം ആരംഭിക്കും. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുളള അസംബ്ളി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. മാത്യു സ്വാഗതം ആശംസിക്കും.

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തും തുടര്‍ന്നു ധ്യാന പ്രസംഗം, അധ്യക്ഷ പ്രസംഗം എന്നിവയ്ക്കുശേഷം കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി ഭദ്രാസനത്തിനു സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയ ഭദ്രാസന എപ്പിസ്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് യാത്ര അയപ്പു നല്‍കുകയും പുതിയ ഭദ്രാസനാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പായ്ക്ക് സ്വാഗതം ആശംസിക്കുകയും ചെയ്യും. യോഗത്തില്‍ 2015 ലെ ഭദ്രാസനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കും. ഈ മീറ്റിംഗുകളിലെല്ലാം വിവിധ ദേവാലയങ്ങളില്‍നിന്നുളള വൈദികരും പങ്കെടുക്കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം