ബ്ളസന്‍ ജോര്‍ജ് ടൂര്‍ണമെന്റ്: ഡാളസ് സ്ട്രൈക്കേഴ്സ് വിജയികള്‍
Thursday, March 24, 2016 12:07 AM IST
ഡാളസ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ വോളിബോള്‍ കളിക്കാരുടെ പരിശീലകനുമായിരുന്ന ബ്ളസന്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിനെട്ടാമത് ടൂര്‍ണമെന്റിലെ വാശിയേറിയ മത്സരത്തില്‍ ഡാളസ് സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഹൂസ്റണ്‍ നൈറ്റ്സിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഡാളസ് സ്ട്രൈക്കേഴ്സ് ജേതാക്കളായത്.

ഇര്‍വിംഗ് സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ വോളിബോള്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ചുകൊണ്ട് ആറിലധികം ടീമുകളാണ് പങ്കെടുത്തത്.

ലോസണ്‍ ട്രാവല്‍ ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് റണ്ണേഴ്സ് അപ് ട്രോഫി ബിജു തോമസ് ഹൂസ്റണ്‍ നൈറ്റ്സിനു സമ്മാനിച്ചു. ദി ബസ്റ് എംവിപി യായി തെരഞ്ഞെടുക്കപ്പെട്ട ഡാളസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ റോബിന്‍ ജോസഫിനു ഡാളസ് മലയാളി അസോസിയേഷന്റെ ട്രോഫി പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍ സമ്മാനിച്ചു. ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍പേഴ്സണ്‍ രാജു ചാമത്തില്‍, ഡാളസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റോബിന്‍ (എംവിപി, ഡാളസ്), ജോ (ഡിഫന്‍സീവ് പ്ളെയര്‍, ഹൂസ്റണ്‍), റോയി (ഒഫന്‍സീവ് പ്ളെയര്‍, ഡാളസ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തോമസ് കെ. ഫിലിപ്പ്, സുനില്‍ വര്‍ഗീസ്, ജിനു ജോസഫ്, തങ്കച്ചന്‍ ജോസഫ്, സേവ്യര്‍ ഫിലിപ്പ്, ഷിബു ഫിലിപ്പ്, പ്രസാദ് ഏബ്രഹാം തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.