മോദിയുടെ പ്രസ്താവന ആര്‍എസ്എസിനു സ്വീകാര്യമോ എന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍
Wednesday, March 23, 2016 7:20 AM IST
കുവൈത്ത്: ലോക സൂഫി സമ്മേളനത്തില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട് പ്രാധാനമന്ത്രി നരേന്ത്ര മോദി നടത്തിയിട്ടുള്ള പ്രസ്താവന ശ്രദ്ധേയവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പേടേണ്ടതുമാണെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി. മുഹമ്മദും ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്തും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാം സമാധാനമാണെന്നും ഒരു നിരപരാധിയെ കൊന്നാല്‍ ലോകത്തുള്ള മനുഷ്യരെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നും മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നുമുള്ള വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശവും സമകാലിക മുസ്ലിം സമൂഹങ്ങളുടെ ഏറ്റവും വലിയ പ്രചാരണ മുദ്രാവാക്യങ്ങളുമായ ആശയങ്ങളാണ് പ്രധാനമന്ത്രി സമ്മേളനത്തില്‍ ഓര്‍മപ്പെടുത്തിയിട്ടുള്ളത്. ഏകമായ സത്യത്തെ വിവിധ രൂപത്തില്‍ സമീപിക്കുന്നതിന്റെ വൈവിധ്യങ്ങളാണ് മതങ്ങളെന്ന് നേരത്തെ പാര്‍ലമെന്റിലും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ തിരിച്ചറിവിനനുസൃതമായ തുടര്‍നടപടികള്‍ രാജ്യത്തെ ന്യൂനപക്ഷ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുംബൈയില്‍ നടന്നതുപോലെ പള്ളിയില്‍ കയറി പ്രകോപനമുണ്ടാക്കലും കാലികളെ വിറ്റതിന്റെ പേരില്‍ നിഷ്ഠുരമായി കൊന്നു കെട്ടി തൂക്കലും ഇറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ വീടു കയറി അക്രമിച്ച് കൊലപ്പെടുത്തലും ഹൈന്ദവ സംസ്കാരത്തിന്റെ നന്മകളെ വ്യഭിചരിക്കുന്നതിനു തുല്യമാണ്.

രാജ്യത്തെ പ്രധാനമന്ത്രി തിരിച്ചറിഞ്ഞുട്ടുള്ള യാഥാര്‍ഥ്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിനു സ്വീകാര്യമാണോ എന്നറിയാന്‍ ജനാധിപത്യ സമൂഹങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവന മുഖവിലക്കെടുക്കാന്‍ സംഘ പരിവാറും നേതൃത്വവും അണികളും തയാറാകുന്നില്ലെങ്കില്‍ ഇന്ത്യയുടെ മഹത്തായ സഹിഷ്ണുതയുടെ പാരമ്പര്യത്തെ കൊന്നു കുഴിച്ച് മൂടുന്നതുപോലെയാണെന്നുപ്രസ്താവന ചൂണ്ടിക്കാട്ടി.

സൂഫി സ്ത്രീകള്‍ ഹിജാബിനും താടിക്കുമെതിരേ നടത്തിയിട്ടുള്ള പ്രസ്താവനയില്‍ കാന്തപുരത്തിന്റെ അഭിപ്രായം അറിയാന്‍ കേരള മുസ്ലിംകള്‍ക്ക് താത്പര്യമുണ്െടന്നും ഇസ്ലാഹി സെന്റര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍