തുല്യനീതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത് കുടുംബത്തില്‍നിന്ന്: എം.ബി. രാജേഷ് എംപി
Monday, March 21, 2016 6:59 AM IST
കുവൈത്ത് സിറ്റി: തുല്യനീതിക്കായുള്ള ശ്രമങ്ങള്‍ ആദ്യം ഉണ്ടാവേണ്ടത് കുടുംബത്തില്‍നിന്നാണെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നവും പ്രതീക്ഷയുമാണ് സാര്‍വദേശീയ വനിതാ ദിനാചരണം മുന്നോട്ടു വയ്ക്കുന്നതെന്നും എം.ബി. രാജേഷ് എംപി. മംഗഫ് കല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാവേദി കുവൈറ്റിന്റെ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷനോടൊപ്പംതന്നെ സ്ത്രീയും കൂട്ടായി അധ്വാനിച്ച് കൂട്ടായി ഉപഭോഗം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും മനുഷ്യര്‍ സ്വകാര്യസ്വത്തുകള്‍ക്ക് അടിമകളായതോടെയാണു തുല്യനീതി സമൂഹത്തില്‍നിന്ന് ഇല്ലാതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്താ ആര്‍. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ വനിതാവേദി കുവൈറ്റിന്റെ പ്രതിവര്‍ഷ പതിപ്പായ 'ജ്വാല'യുടെ പ്രകാശനം മാഗസിന്‍ എഡിറ്റര്‍ ശുഭ ഷൈനിന്റെ സാന്നിധ്യത്തില്‍ കല കുവൈറ്റ് പ്രസിഡന്റും വനിതാവേദി ഉപദേശക സമിതി അംഗവുമായ ആര്‍. നാഗനാഥനു നല്‍കി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഫര്‍വാനിയ യൂണിറ്റ് പ്രസിഡന്റ് ആശ ബാലകൃഷ്ണന്‍ വനിതാദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ടോളി പ്രകാശ്, ശ്രീലേഖ ശശി (പല്‍പക്), ഷെമീന (ഐവ) എന്നിവര്‍ സംസാരിച്ചു.

വനിതാ ദിനാഘോഷത്തോടൊപ്പം സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറില്‍ ഡോ. ബിജി ബഷീര്‍ പ്രമേഹരോഗത്തെക്കുറിച്ചും ഡോ. പ്രഭാ അനൂപ് ദന്തസംരക്ഷണത്തെപ്പറ്റിയും വിശദമാക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അംബിക പത്മകുമാര്‍ ഗാനം ആലപിച്ചു. ഫഹാഹീല്‍ യൂണിറ്റ് കണ്‍വീനര്‍ അമ്പിളി പ്രമോദ് പരിപാടിക്കു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍