ഡാളസിന് കൈത്താങ്ങായി പ്രൊജക്ട് വിഷന്‍
Monday, March 21, 2016 5:28 AM IST
ഡാളസ്: പ്രൊജക്ട് വിഷന്‍ ഗ്ളോബല്‍ എന്ന സന്നദ്ധസംഘടന ഡാളസ് പ്രദേശത്ത് പ്രകൃതിക്ഷോഭം മൂലം വിഷമിച്ചവര്‍ക്കായി സമാഹരിച്ച പതിനായിരം ഡോളര്‍ ഗാര്‍ലന്‍ഡ്, റൌലറ്റ് മേയര്‍മാര്‍ക്കു സമ്മാനിച്ചു. മാര്‍ച്ച് 12 നാണു തുക കൈമാറിയത്. പ്രൊജക്ട് വിഷന്‍ അംഗങ്ങള്‍ ടൊര്‍ണാഡോ മൂലം വിഷമിച്ച വ്യക്തികളെ നേരില്‍കണ്ട് അവരുടെ ആവശ്യങ്ങളില്‍ ഇടപെട്ടശേഷം, ഇക്കാര്യത്തില്‍ സന്മനസുള്ളവരുടെ ഇടയില്‍ നടത്തിയ ധനശേഖരണമാണ് വലിയ വിജയം കൊയ്തത്.

ഗാര്‍ലന്റിലും റൌലറ്റിലുമുള്ള ദുരിതബാധിതകര്‍ക്ക് പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ കൈമാറുകയും ചെയ്തു. കൂടാതെ, നാശനഷ്ടങ്ങളുണ്ടായിട്ടും സഹായമൊന്നും ലഭിക്കാത്തവരുടെ വിവരങ്ങള്‍ മേയര്‍മാരെ ധരിപ്പിക്കാനും സാധിച്ചു.

പ്രൊജക്ട് വിഷന്‍ ഗ്ളോബല്‍ എന്ന് പരക്കെ അറിയപ്പെടുന്ന ടിപിവി ഗ്ളോബല്‍ യുഎസ് എന്ന നോണ്‍ പ്രോഫിറ്റ് സംഘടന പ്രധാനമായും അമേരിക്കയില്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇന്‍ഡ്യയിലും നേപ്പാളിലും സേവനം ചെയ്യുന്ന ക്ളരീഷ്യന്‍ സഭാംഗമായ ഡോ.ഫാ.ജോര്‍ജ് കണ്ണന്താനം ആണു സംഘടനാ സ്ഥാപകന്‍. ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടതും ലോക ഗ്ളൂക്കോമ ആചരണ ദിവസമായിരുന്നു.

ഫ്രിക്സ്മണ്‍ മൈക്കിള്‍ അധ്യക്ഷപ്രസംഗവും സിബി മാത്യു സ്വാഗതവും ചെയ്തു. നന്ദി പ്രകാശനം നടത്തിയത് ജോസഫ് ദേവസ്യയായിരുന്നു. വേള്‍ഡ് മലയാളീ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസിന്റെ പിറ്റേദിവസം ഡാളസിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊര്‍ണാഡോ പതിനൊന്നുപേരുടെ മരണത്തിനിടയാക്കുകയും ധാരാളം വീടുകളും ദേവാലയങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളും നശിക്കുന്നതിനിടയാക്കുകയും ചെയ്തു. പല കുടുംബങ്ങളും സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവരായെങ്കിലും പല സന്നദ്ധ സംഘടനകളും സഹായ ഹസ്തവുമായെത്തിയിരുന്നു. ഇപ്പോഴും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള ദുരിതബാധിതരുടെ മടക്കയാത്രയില്‍ ഇത് ഏറെ സഹായകമായി. സിറ്റിയുടെ അധികാരികളുടെ അഭിപ്രായത്തില്‍ അടുത്ത മൂന്ന് വര്‍ഷമെങ്കിലും ആവശ്യമായിവരും എല്ലാം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം