'പുണ്യം' കാരുണ്യ പദ്ധതിക്ക് റിയാദില്‍ തുടക്കമായി
Saturday, March 19, 2016 6:51 AM IST
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പുണ്യം കാരുണ്യ പദ്ധതിയുടെ ലോഞ്ചിംഗ് റിയാദിലെ മത സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സിറ്റി ഫ്ളവര്‍ ഫ്ളീരിയ ഗ്രൂപ്പ് സിഇഒ ഫസല്‍ റഹ്മാന്‍ നിര്‍വഹിച്ചു.

സമൂഹത്തിലെ അശരണരെ സംരക്ഷിക്കാനുള്ള പദ്ധതികളെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു ഒറ്റക്കെട്ടായി പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് ഫസല്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു.

രോഗങ്ങള്‍ കൊണ്ടും അപകടങ്ങള്‍ കൊണ്ടും കഷ്ടപ്പെടുന്നവര്‍ക്കുള്ള ചികിത്സാസഹായം, സാമ്പത്തിക പരാധീനതകള്‍ കൊണ്ടുമാത്രം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന ദരിദ്രവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, വിധവകള്‍, അനാഥകള്‍, വൃദ്ധര്‍ തുടങ്ങി സാമൂഹികമായ അകല്‍ച്ചകള്‍ നേരിടുന്ന വിഭാഗങ്ങള്‍ക്കുള്ള പുനരധിവാസം, സ്വയം തൊഴില്‍ കണ്െടത്തുന്നതിനുള്ള ധനസഹായം, ഭവന രഹിതരായവര്‍ക്കുള്ള 'മസ്കന്‍' തുടങ്ങിയവയാണ് പുണ്യം കാരുണ്യ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സുലൈ നിയാറ ഗ്രൌണ്ടില്‍ നടന്ന പരിപാടിയില്‍ ശിഹാബ് അലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. പുണ്യം പുറത്തിറക്കിയ 'സ്നേഹം പകരാം; പുണ്യം നേടാം' എന്ന ഡോക്യുമെന്റ്റിയുടെ പ്രകാശനം പുണ്യം ചീഫ് പേട്രണ്‍ ഉമര്‍ ഫാറൂഖ് വേങ്ങര നിര്‍വഹിച്ചു. ആര്‍ഐസിസി കണ്‍വീനര്‍ ഉമര്‍ ഷരീഫ്, മുജീബ് പൂക്കോട്ടൂര്‍, ഷാജഹാന്‍ പടന്ന എന്നിവര്‍ പ്രസംഗിച്ചു.

ശിഹാബ് കൊട്ടുകാട് (നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ്), അബ്ദുല്‍ അസീസ് കോഴിക്കോട് (എംഎസ്എസ്), സി.എം. കുഞ്ഞി കുമ്പള (ഒഐസിസി), അക്ബര്‍ വേങ്ങാട്ട് (ശിഫ അല്‍ ജസീറ), മുഹമ്മദ് മന്‍സൂര്‍ (അല്‍റയാന്‍ പോളിക്ളിനിക്), സി.പി. മുസ്തഫ (സമീര്‍ പോളിക്ളിനിക്ക്), നൌഫല്‍ പാലക്കാടന്‍ (ഹാര സഫ മക്ക), റബീഹ് മുഹമ്മദ് (റിയാദ് മീഡിയ ഫോറം), ഉബൈദ് എടവണ്ണ (വോയ്സ് ഓഫ് കേരള), ഹംസ ജമാലി (മജ്മഅ ജാലിയാത്ത്), അബ്ദുശഹീദ് സ്വലാഹി (താദിഖ് ജാലിയാത്ത്), മുബാറക് സലഫി (ശിഫ), റാഫി സ്വലാഹി, ഫൈറൂസ് ഖാസിമി എന്നിവര്‍ പങ്കെടുത്തു.