ചീരന്‍ അനുസ്മരണവും ബൈബിള്‍ നാടകവും മാര്‍ച്ച് 18ന്
Thursday, March 17, 2016 7:04 AM IST
അബുദാബി: സാഹിത്യകാരനും അബുദാബി യുവജനസഖ്യം വൈസ് പ്രസിഡന്റുമായിരുന്ന എം.ജെ. ചീരന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രഭാഷണവും ബൈബിള്‍ നാടകവും മാര്‍ച്ച് 18നു (വെള്ളി) 6.30നു മുസഫ മാര്‍ത്തോമ പള്ളിയുടെ കമ്യുണിറ്റി ഹാളില്‍ നടക്കും.

അബുദാബി മാര്‍ത്തോമ യുവജനസഖ്യമാണ് 'അനുതപിച്ചിട്ടും അപരാധിയോ' എന്ന നാടകം അവതരിപ്പിക്കുന്നത്. ജിനു രാജന്‍ കലയപുരം രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ ഇരുപത്തഞ്ചിലേറെ കലാകാരന്മാരാണ് വേഷമിടുന്നത്. നോമ്പുകാലത്തെ ചിന്തകളായ അനുതാപത്തിന്റെയും മടങ്ങിവരവിന്റെയും സന്ദേശം ഇതിവൃത്തമാക്കിയാണു നാടകം തയാറാക്കിയിരിക്കുന്നത്.

ചടങ്ങില്‍ എം.ജെ. ചീരന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികളെയും പ്രഖ്യാപിക്കും. സഖ്യം പ്രസിഡന്റ് റവ. പ്രകാശ് ഏബ്രഹാം, വൈസ് പ്രസിഡന്റ് റവ. ഐസക് മാത്യു, സെക്രട്ടറി സുജിത് മാത്യു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള